ഏഷ്യൻ യൂത്ത് ഗെയിംസിന് തിരശ്ശീല ഉയർന്നു
text_fieldsഇന്ത്യ-ബംഗ്ലാദേശ് കബഡി മത്സരത്തിൽ നിന്ന്
മനാമ: ഒരു വ്യാഴവട്ടത്തെ ഇടവേളക്കുശേഷം ബഹ്റൈനിൽ നടക്കുന്ന മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിന് നാളെ ഔദ്യോഗിക തുടക്കമാകും. ഒക്ടോബർ 22 മുതൽ 31 വരെ ബഹ്റൈനിലെ ഇസ ടൗണിലാണ് ഗെയിംസ് നടക്കുന്നത്. 2013ൽ ചൈനയിലെ നാൻജിംഗിൽ നടന്ന രണ്ടാം പതിപ്പിന് ശേഷം 12 വർഷം കഴിഞ്ഞാണ് ഏഷ്യൻ യൂത്ത് ഗെയിംസ് തിരിച്ചെത്തുന്നത്.
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒ.സി.എ) ഒരു ഇവന്റിന് ബഹ്റൈൻ ആദ്യമായി ആതിഥേയത്വം വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ഗെയിംസിനുണ്ട്. ഏഷ്യൻ യൂത്ത് ഗെയിംസ് 2026ൽ സെനഗലിലെ ഡാക്കറിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിലേക്കുള്ള ഒരു യോഗ്യതാ മത്സരമായും കണക്കാക്കും. എന്നാൽ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മൂന്ന് ദിവസം മുമ്പ് തന്നെ ചില മത്സരങ്ങൾക്ക് തുടക്കമായിരുന്നു. കബഡി, വോളിബാൾ, ഹാൻഡ് ബാൾ തുടങ്ങി ചില മത്സരങ്ങൾ ഒക്ടോബർ 19ന് ആരംഭിച്ചു. തിങ്കളാഴ്ചയും ഇന്നുമായി മറ്റ് ചില മത്സരങ്ങൽ കൂടി നടക്കും. ബഹ്റൈൻ നാഷനൽ അത്ലറ്റിക് സ്റ്റേഡിയത്തിൽ ഒക്ടോബർ 22നാണ് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ്.
സാധാരണയായി വർഷങ്ങൾ നീണ്ട ഒരുക്കങ്ങൾ ആവശ്യമുള്ള ഈ ടൂർണമെന്റിനായി വെറും പത്ത് മാസം കൊണ്ടാണ് ബഹ്റൈൻ ഒരുങ്ങിയതെന്നത് ശ്രദ്ധേയമാണ്. 26 കായിക ഇനങ്ങളിലായി 4300ൽ അധികം കായികതാരങ്ങൾ ഇത്തവണ മാറ്റുരക്കും. ഉമ്മുൽ ഹസ്സം സ്പോർട്സ് കോംപ്ലക്സ്, ഈസ സ്പോർട്സ് സിറ്റി, എക്സിബിഷൻ വേൾഡ് ബഹ്റൈൻ തുടങ്ങിയ വേദികളിലാണ് മത്സരങ്ങൾ. ഇന്ത്യ ഇൻ യൂത്ത് ഗെയിംസ് മത്സരങ്ങൾക്കായി ഇന്ത്യൻ സംഘം എത്തിത്തുടങ്ങി. ശേഷിക്കുന്നവർ ഇന്ന് എത്തിച്ചേരും. ഇന്ത്യയെ പ്രതിനിധീകരിച്ച് 222 കായികതാരങ്ങളാണ് ഇത്തവണ ഗെയിംസിൽ മാറ്റുരക്കുന്നത്. അഞ്ച് കായികയിനങ്ങൾ ഞായറാഴ്ച വിവിധ വേദികളിലായി നടന്നിരുന്നു.
തദ്ദേശീയ കായിക ഇനമായ കബഡിയിൽ ആൺ-പെൺ ടീമുകൾ ആധികാരിക വിജയം നേടിയപ്പോൾ, കുറാഷ് എന്ന പുതിയ കായിക ഇനത്തിൽ കൗമാര താരം ഖുഷി ചരിത്രപരമായ വെങ്കല മെഡൽ നേടി ഇന്ത്യയുടെ മെഡൽ വേട്ടക്ക് തുടക്കമിട്ടു. ഇസ സ്പോർട്സ് സിറ്റിയിൽ നടന്ന കബഡി ആദ്യമത്സരത്തിൽ ബംഗ്ലാദേശിനെ 83-19ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ആൺകുട്ടികൾ തേരോട്ടം ആരംഭിച്ചത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ 46-18 എന്ന സ്കോറിന് പരാജയപ്പെടുത്തി പെൺകുട്ടികളും നിറഞ്ഞുനിന്നു.
ഇന്ത്യൻ കബഡി ടീം
വൈകുന്നേരം നടന്ന രണ്ടാമത്തെ മത്സരത്തിൽ തായ്ലൻഡിനെതിരെ 53-19 എന്ന സ്കോറിനും പെൺപട വിജയം നേടി. ഇന്ത്യൻസംഘത്തിന്റെ ചുമതല 2012 ലണ്ടൻ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ ഗുസ്തി താരം യോഗേശ്വർ ദത്തിനാണ്. 119 വനിതാ താരങ്ങളും 103 പുരുഷ താരങ്ങളും ഉൾപ്പെടുന്നതാണ് ഇത്തവണത്തെ ഇന്ത്യൻ സംഘം. ആകെ 28 കായിക ഇനങ്ങളുള്ള ഗെയിംസിൽ 21 ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഏറ്റവും കൂടുതൽ താരങ്ങൾ മാറ്റുരയ്ക്കുന്നത് അത്ലറ്റിക്സിലാണ്. ചൈനയിൽ നടന്ന കഴിഞ്ഞ പതിപ്പിൽ ഇന്ത്യ പങ്കെടുത്തിരുന്നില്ല. 2009ൽ സിംഗപ്പൂരിൽ നടന്ന പ്രഥമ ഏഷ്യൻ യൂത്ത് ഗെയിംസിൽ അഞ്ച് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 11 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

