റമദാൻ മജ് ലിസുകൾ സന്ദർശിച്ച് കിരീടാവകാശി
text_fieldsകിരീടാവകാശി റമദാൻ മജ് ലിസ് സന്ദർശന വേളയിൽ
മനാമ: ബഹ്റൈന്റെ ഭാവി വികസന രേഖയായ 'ബഹ്റൈൻ ഇക്കണോമിക് വിഷൻ 2050' രൂപവത്കരിക്കുന്നതിൽ സമൂഹത്തിന്റെ എല്ലാ മേഖലകളിൽനിന്നുമുള്ള ജനപങ്കാളിത്തം ഉറപ്പാക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. വിശുദ്ധ റമദാൻ പ്രമാണിച്ച് പ്രമുഖ വ്യക്തികളുടെയും കുടുംബങ്ങളുടെയും മജ്ലിസുകൾ സന്ദർശിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പ്രത്യേക പ്രതിനിധി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ, അൽ ജലാഹ്മ കുടുംബം, അബ്ദുല്ല ബിൻ ഹമദ് അൽ നുഐമി എന്നിവരുടെ മജ് ലിസുകളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്.
നിലവിൽ 'വിഷൻ 2030'ന്റെ ലക്ഷ്യങ്ങളിലേക്ക് രാജ്യം കുതിക്കുകയാണെന്നും, അടുത്ത ഘട്ടമായ 'വിഷൻ 2050' ജനങ്ങളുടെ കൂടി അഭിപ്രായങ്ങൾ പരിഗണിച്ച് വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈന്റെ പാരമ്പര്യം നിലനിർത്തുന്നതിലും സാമൂഹിക ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിലും റമദാൻ മജ് ലിസുകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന സ്വദേശി ജീവനക്കാരുടെ മികവിനെ അദ്ദേഹം പ്രശംസിച്ചു. ഹമദ് രാജാവ് നയിക്കുന്ന സമഗ്ര വികസന പദ്ധതികളും ജനങ്ങളുടെ ദൃഢനിശ്ചയവുമാണ് എല്ലാ മേഖലകളിലുമുള്ള രാജ്യത്തിന്റെ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം കൂട്ടിചേർത്തു. മജ് ലിസ് മേധാവികളുമായും സദസ്സിലുണ്ടായിരുന്നവരുമായും അദ്ദേഹം റമദാൻ ആശംസകൾ കൈമാറി. ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സന്ദർശന വേളയിൽ കൂടെയുണ്ടായിരുന്നു. തങ്ങളുമായി നേരിട്ട് സംവദിക്കാനും ബന്ധം പുതുക്കാനും കിരീടാവകാശി കാണിക്കുന്ന താൽപര്യത്തിന് മജ് ലിസ് ഭാരവാഹികൾ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

