കിരീടാവകാശിയും എൽ.എം.ആർ.എ സി.ഇ.ഒയും കൂടിക്കാഴ്ച നടത്തി
text_fieldsമനുഷ്യക്കടത്ത് വിരുദ്ധ ദിനത്തിൽ കിരീടാവകാശിയും എൽ.എം.ആർ.എ സി.ഇ.ഒയും കൂടിക്കാഴ്ചക്കിടെ. ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സമീപം
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒയും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയസമിതി ചെയർമാനുമായ നിബ്രാസ് താലിബും കൂടിക്കാഴ്ച നടത്തി. റിഫാ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും സന്നിഹിതനായിരുന്നു. ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോട് അനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ അവകാശങ്ങൾ സംരഷിക്കുന്നതിനും സ്വാതന്ത്ര്യങ്ങൾ എപ്പോഴും കാത്തുസൂക്ഷിക്കുന്നതിനും ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശി പറഞ്ഞു. തൊഴിലാളി അവകാശങ്ങളെയും ബിസിനസ് ഉടമകളുടെ താൽപര്യങ്ങളെയും പിന്തുണക്കുന്ന നിയമനിർമാണം മെച്ചപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ നിരന്തരമായ ശ്രമങ്ങൾ കിരീടാവകാശി എടുത്തുപറഞ്ഞു. മനുഷ്യക്കടത്ത് തടയുന്നതിനും തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും അനുബന്ധ സേവനങ്ങൾ വികസിപ്പിക്കുന്നതിനും ഈ മേഖലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള ബഹ്റൈന്റെ വിശാലമായ ദേശീയ ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.
സമിതിയുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും ശ്രമങ്ങളെ കിരീടാവകാശി പ്രശംസിച്ചു. അവരുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിക്കുകയും രാജ്യത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ അവർക്ക് തുടർന്നും വിജയം ആശംസിക്കുകയും ചെയ്തു.
മനുഷ്യക്കടത്ത് വിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിന് നിയമനിർമാണ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതും നയങ്ങളും പദ്ധതികളും നടപ്പാക്കുന്നതിന്റെ പ്രാധാന്യവും കിരീടാവകാശി ഊന്നിപ്പറഞ്ഞു. പിന്തുണക്ക് ആഭ്യന്തരമന്ത്രിയും നിബ്രാസ് താലിബും കിരീടാവകാശിക്ക് നന്ദി അറിയിച്ചു. തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുന്നതിലും മനുഷ്യക്കടത്ത് തടയുന്നതിലും രാജ്യത്തിന്റെ പ്രാദേശികവും അന്തർദേശീയവുമായ നിലപാട് വർധിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

