ജനസാഗര ‘വൈബായി' ബഹ്‌റൈൻ പ്രതിഭയുടെ ‘വൈബ്‌സ് ഓഫ് ബഹ്‌റൈൻ'
text_fieldsബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച വൈബ്‌സ് ഓഫ് ബഹ്‌റൈൻ പരിപാടിയിൽനിന്ന്
മനാമ: ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച 'വൈബ്‌സ് ഓഫ് ബഹ്‌റൈൻ' സംഗീത നിശ ജനപങ്കാളിത്തം കൊണ്ടും പരിപാടിയുടെ മികവ് കൊണ്ടും ശ്രദ്ധേയമായി. വെള്ളിയാഴ്ച വൈകീട്ട് ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ നടന്ന പരിപാടിക്ക് അടുത്തകാലത്ത് ഇന്ത്യൻ ക്ലബ് ദർശിച്ചിട്ടില്ലാത്തവണ്ണം ജനങ്ങളാണ് ഒഴുകിയെത്തിയത്. കവിയും ഗാനരചയിതാവുമായ വയലാർ അവാർഡ് ജേതാവ് പ്രഭാവർമ മുഖ്യാതിഥിയായിരുന്നു. സ്വാഗതസംഘം ജനറൽ കൺവീനർ എൻ.വി. ലിവിൻകുമാർ സ്വാഗതം പറഞ്ഞ ഔദ്യോഗിക ചടങ്ങിന് ചെയർമാൻ ബിനു മണ്ണിൽ അധ്യക്ഷതവഹിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, ലോകകേരള സഭാംഗങ്ങളും പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളുമായ സി.വി നാരായണൻ, സുബൈർ കണ്ണൂർ, പി. ശ്രീജിത്ത്, വനിതവേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രതിഭ വൈസ് പ്രസിഡന്റ് നിഷ സതീഷ് നന്ദി പറഞ്ഞു.
ഗായകരായ രഞ്ജിനി ജോസും, റഫീഖ് റഹ്മാനും, സംഗീതജ്ഞരായ ഗൗതം, ലിബിൻ എന്നിവരും ചേർന്ന് നയിച്ച സംഗീത പരിപാടിയായിരുന്നു മുഖ്യ ആകർഷണം. നൃത്ത അധ്യാപിക വിദ്യാശ്രീ ചിട്ടപ്പെടുത്തി ബഹ്‌റൈൻ പ്രതിഭ പ്രവർത്തകർ അരങ്ങിലെത്തിച്ച സംഗീത നൃത്തശിൽപം 'ഋതു' കാണികളുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി. പ്രതിഭ സ്വരലയ ഗായകർ അവതരിപ്പിച്ച സ്വാഗതഗാനവും കുട്ടികൾ അവതരിപ്പിച്ച അറബിക് ഡാൻസും പരിപാടിയുടെ മാറ്റ് കൂട്ടി. ബഹ്‌റൈനിൽ നിരവധി പരിപാടികൾ ഒരേ സമയം നടന്നിട്ടും വൈബ്‌സ് ഓഫ് ബഹ്‌റൈനിൽ പങ്കെടുക്കാൻ ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയ മുഴുവൻ കലാസ്നേഹികൾക്കും കുടുംബാംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

