ഐ.സി.സി ഗ്ലോബൽ ലെവൽ 3 കോച്ചിങ് കോഴ്സിന് രാജ്യം ആതിഥേയത്വം വഹിക്കും
text_fieldsബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അധികൃതർ നടത്തിയ വാർത്തസമ്മേളനത്തിൽനിന്ന്
മനാമ: ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനും (ബി.സി.എഫ്) ബഹ്റൈൻ ഐ.സി.സിയും സഹകരിച്ച് ഐ.സി.സി ഗ്ലോബൽ ലെവൽ 3 കോച്ചിങ് കോഴ്സിന് രാജ്യം ആതിഥേയത്വം വഹിക്കും. ബഹ്റൈനിൽ ആദ്യമായി നടക്കുന്ന ഈ കോഴ്സ് 2025 മേയ് 26 മുതൽ 30 വരെയായിരിക്കുമെന്ന് ബി.സി.എഫ്. അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈ കോഴ്സ് ആഗോള പ്ലാറ്റ്ഫോമിൽ നടത്തുന്നത് ആദ്യമായാണ്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള 20ലധികം ഉന്നത കോച്ചുമാർ എത്തുമെന്ന് ഉപദേശക സമിതി ചെയർമാൻ മുഹമ്മദ് മൻസൂർ പറഞ്ഞു.
ഈ കോഴ്സ് ഒരു സർട്ടിഫിക്കേഷൻ മാത്രമല്ല അതിർത്തികൾക്കപ്പുറത്തുള്ള അറിവ്, മൂല്യങ്ങൾ എന്നിവ പങ്കിടുന്നതിനുള്ള ശക്തമായ വേദിയുമാണെന്ന് പ്രസിഡന്റ് സാമി അലി പറഞ്ഞു. രാജ്യങ്ങൾ, അധ്യാപകർ, ഗെയിമിന്റെ വളർന്നുവരുന്ന നേതാക്കൾ എന്നിവർ തമ്മിലുള്ള ശക്തമായ സഹകരണത്തെ ഇത് സൂചിപ്പിക്കുന്നു എന്ന് ജനറൽ സെക്രട്ടറി കിഷോർ കെവൽറാം പറഞ്ഞു. ബഹ്റൈന്റെ ആഗോള കായിക പാരമ്പര്യം കെട്ടിപ്പടുക്കുന്നതിനുള്ള നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് കാപിറ്റൽ ഗവർണറേറ്റ് ഫോളോ-അപ് ഡയറക്ടർ യൂസുഫ് ലോറി പറഞ്ഞു. ജനറൽ സ്പോർട്സ് അതോറിറ്റി സി.ഇ.ഒ ഡോ. അബ്ദുറഹ്മാൻ അസ്കർ കോഴ്സ് ഉദ്ഘാടനം ചെയ്യും. ഐ.സി.സി അസോസിയേറ്റ് അംഗങ്ങളുടെ ചെയർമാൻ മുബസിർ ഉസ്മാനി, ഐ.സി.സി ജനറൽ മാനേജർ- ഗ്ലോബൽ ക്രിക്കറ്റ് ഡെവലപ്മെന്റ് വില്യം ഗ്ലെൻ റൈറ്റ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
ഐ.സി.സിയുടെ എജുക്കേറ്റർമാരായ കാമറൺ ട്രഡൽ (ആസ്ട്രേലിയ-കോഴ്സ് കൺഡക്ഷണർ), എസ്തർ ഡെ ലാംഗെ (ഐ.സി.സി യൂറോപ്പ്), റോബർട്ട് കോക്സ് (ബ്രിട്ടൻ) ജാനിത് സമരതുംഗ (ആസ്ട്രേലിയ), ജോളൻ ഡിപ്പെനാർ (ദക്ഷിണാഫ്രിക്ക), പ്രാചൂർ ശുക്ല (ബഹ്റൈൻ) എന്നിവർ കോഴ്സ് നയിക്കും. ഈ പദ്ധതി രൂപകൽപന ചെയ്യാൻ നേതൃത്വം നൽകിയത് ഐ.സി.സി വിദ്യാഭ്യാസ മാനേജർ അഭിഷേക് ഷെഖാവത്താണ്. ഇത് ബഹ്റൈനിലെ ക്രിക്കറ്റ് വികസന ശ്രമങ്ങൾക്ക് പുരോഗതിയുണ്ടാക്കുമെന്നും വരാനിരിക്കുന്ന പരിശീലകർക്ക് പ്രചോദനമാകുമെന്നും, അന്താരാഷ്ട്ര കായിക മികവിന്റെ ഒരു കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ ഖ്യാതി വർധിക്കാനിടയാക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

