ബലിപെരുന്നാൾ ആഘോഷനിറവിൽ രാജ്യം
text_fieldsപെരുന്നാൾ മൊഞ്ച്... പെരുന്നാൾ തലേന്നത്തെ മൈലാഞ്ചിയിടൽ. ബുസൈറ്റീനിൽ നിന്നൊരു
ദൃശ്യം ` സത്യൻ പേരാമ്പ്ര
മനാമ: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശവുമായി ബലിപെരുന്നാൾ എത്തുമ്പോൾ ആഘോഷനിറവിലാണ് രാജ്യം. വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാരം നടക്കുന്നതോടൊപ്പം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കുന്ന ഈദ്ഗാഹുകൾ കുടുംബങ്ങൾക്കും നാട്ടുകാർക്കും ഒന്നിച്ച് സന്തോഷം പങ്കുവെക്കാനുള്ള വേദികൾ കൂടിയായി മാറും. രാജ്യത്തെ പ്രവാസി സമൂഹത്തിന് വിവിധയിടങ്ങളിലായി ഈദ് ഗാഹുകൾ സംഘടിപ്പിക്കാൻ സുന്നീ ഔഖാഫ് അംഗീകാരം നൽകിയിരുന്നു. ബഹ്റൈന്റെ പരമ്പരാഗത ആഘോഷങ്ങളില്‍ ഒന്നായ ഹയ്യ ബയ്യയും ബലിപെരുന്നാളിനോടനുബന്ധിച്ച് നടക്കും. പെരുന്നാൾദിനം വൈകീട്ട് വീട്ടിൽ നട്ടുവളർത്തിയ ചെടികളുമായി കുട്ടികള്‍ വിവിധ വര്‍ണങ്ങളിലുള്ള ബഹ്റൈൻ പാരമ്പര്യവസ്ത്രങ്ങള്‍ അണിഞ്ഞ് കടല്‍ത്തീരത്തേക്ക് ഘോഷയാത്ര നടത്തുന്നതടക്കമുള്ള ആചാരങ്ങൾ ഈ ആഘോഷത്തിനുണ്ട്.
സകാത് ഫണ്ട് ബലിപെരുന്നാളിനോടനുബന്ധിച്ച് 2400 പേർക്ക് ഈദ് പുടവ സഹായം നൽകുമെന്ന് നീതിന്യായ, ഇസ്ലാമികകാര്യ, ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള സകാത് ഫണ്ട് വക്താവ് ശൈഖ് സലാഹ് ഹൈദർ വ്യക്തമാക്കിയിരുന്നു. ഈദിന്റെ സന്തോഷത്തിൽ കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളിലെ കുട്ടികളിൽ സന്തോഷം നിറക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
സകാത് ഫണ്ടിൽ രജിസ്റ്റർ ചെയ്ത കുടുംബങ്ങൾക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. ഇസ്ലാമിന്റെ അടിസ്ഥാനങ്ങളിൽപെട്ട സകാത് നിലനിർത്തുക വഴി സമൂഹത്തിൽ പ്രയാസപ്പെടുന്നവർക്കും താഴ്ന്ന വരുമാനക്കാരായവർക്കുമെല്ലാം ഉപയോഗപ്രദമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെരുന്നാൾ ഒരുക്കത്തിന്റെ ഭാഗമായി മാംസലഭ്യത സർക്കാർ ഉറപ്പുവരുത്തിയിരുന്നു. 50,000ലധികം കന്നുകാലികളെയാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. ഇതിനുപുറമേ, 2,600 ടൺ ഫ്രോസൻ മാംസവും 7,500 ടൺ ഫ്രോസൻ കോഴിയിറച്ചിയും ഇറക്കുമതി ചെയ്തിരുന്നു.
ദുൽഹജ്ജ് മാസത്തിൽ വിവിധ പരിപാടികൾ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുമെന്ന് സുന്നീ വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. റാശിദ് ബിൻ ഫതീസ് അൽ ഹാജിരി വ്യക്തമാക്കി. വിവിധ പള്ളികൾ കേന്ദ്രീകരിച്ച് ഉദ്ബോധന പ്രഭാഷണങ്ങളും മതപരമായ നിയമങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകളും നടത്തും. സ്കൂളുകളിൽ അവധിക്കാലവും തുടങ്ങുകയാണെന്നതിനാൽ ആഹ്ലാദത്തിമിർപ്പിലാണ് പ്രവാസലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

