ഇന്ത്യൻ തൊഴിലാളികളുടെ സംഭാവന പ്രശംസനീയം -അൽ അലവി
text_fieldsഎൽ.എം.ആർ.എ സി.ഇ.ഒ ജമാൽ അബ്ദുൽ അസീസ് അൽ അലവി ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: വിവിധ മേഖലകളിൽ ഇന്ത്യൻ തൊഴിലാളികൾ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) സി.ഇ.ഒയും മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി അധ്യക്ഷനുമായ ജമാൽ അബ്ദുൽ അസീസ് അൽ അലവി പറഞ്ഞു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശം സംരക്ഷിക്കുന്ന തരത്തിലുള്ളതാണ് രാജ്യത്തെ നിയമമെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപകർക്കും ബിസിനസുകാർക്കും രാജ്യം നൽകുന്ന സൗകര്യങ്ങളെക്കുറിച്ചും തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും തൊഴിലാളികളുടെ സംരക്ഷണത്തിനുമുള്ള നടപടികളെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.
ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് നയതന്ത്ര കാര്യാലയം വഹിക്കുന്ന പങ്ക് പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. തൊഴിലാളികളോട് എൽ.എം.ആർ.എ കാണിക്കുന്ന കരുതലിനും നിക്ഷേപകർക്കും ബിസിനസുകാർക്കും നൽകുന്ന സൗകര്യങ്ങൾക്കും ഇന്ത്യൻ അംബാസഡർ നന്ദി പറഞ്ഞു. അതോറിറ്റിയുമായി സഹകരിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയും അദ്ദേഹം അറിയിച്ചു. തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട് സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്താനും ഉഭയകക്ഷി കമ്മിറ്റികളും വിദഗ്ധ സാങ്കേതിക തൊഴിൽ സമിതികളും രൂപവത്കരിക്കാനും ഇരുകൂട്ടരും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

