‘അൽ മുൻദിർ’ പകർത്തിയ സമ്പൂർണ ചിത്രം ഹമദ് രാജാവിന് സമർപ്പിച്ചു
text_fields‘അൽ മുൻദിർ’ പകർത്തിയ സമ്പൂർണ ചിത്രത്തിനരികിൽ
ഹമദ് രാജാവ്
മനാമ: ബഹ്റൈന്റെ തദ്ദേശീയമായി നിർമിച്ച ഉപഗ്രഹമായ ‘അൽ മുൻദിർ’ പകർത്തിയ രാജ്യത്തിന്റെ ആദ്യത്തെ സമ്പൂർണ ചിത്രം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് സമർപ്പിച്ചു. ദേശീയ സുരക്ഷാഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറും സുപ്രീം ഡിഫൻസ് കൗൺസിൽ സെക്രട്ടറി ജനറലുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയാണ് വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ചിത്രം രാജാവിന് കൈമാറിയത്.
ബഹ്റൈൻ ബഹിരാകാശ ഏജൻസി (ബി.എസ്.എ) ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അലി ബിൻ ജാബർ ആൽ ഖലീഫ, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. മുഹമ്മദ് അൽ അസീരി എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ‘അൽ മുൻദിർ’ ഉപഗ്രഹ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ഉദ്യോഗസ്ഥർ ഹമദ് രാജാവിനെ ധരിപ്പിച്ചു. ബഹിരാകാശ ഏജൻസിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ശൈഖ് നാസർ നടത്തുന്ന ശ്രമങ്ങളെ ഹമദ് രാജാവ് അഭിനന്ദിച്ചു. ദേശീയ ബഹിരാകാശ നയം നടപ്പാക്കുന്നതിലും ഏജൻസിയുടെ തന്ത്രപരമായ പദ്ധതികൾ പിന്തുടരുന്നതിലും ഡയറക്ടർ ബോർഡ് വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
ബഹ്റൈനി എഞ്ചിനീയർമാരുടെ വൈദഗ്ധ്യം ഉറപ്പിക്കുകയും രാജ്യത്തിന്റെ ബഹിരാകാശ മേഖലയിലെ പുരോഗതിക്ക് വഴിയൊരുക്കുകയും ചെയ്യുന്ന ഒരു സുപ്രധാന നേട്ടമായാണ് ‘അൽ മുൻദിർ’ ഉപഗ്രഹത്തെ കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

