ബഹ്റൈൻ കാത്തിരിക്കുന്ന ആകാശ വിസ്മയം ഈ മാസം 11 ന്
text_fieldsമനാമ: ബഹ്റൈന്‍റെ വാനിൽ അത്യപൂർവ വിസ്മയ കാഴ്ചകൾ കാണാൻ അവസരമൊരുങ്ങുന്നു. ആഗസ്റ്റ് 11 തിങ്കളാഴ്ച വൈകിട്ട് മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെ 10 മണിക്കൂറും 52 മിനിറ്റും നീണ്ടുനിൽക്കുന്നതാണ് ഈ ആകാശ വിസ്മയങ്ങൾ. ഈ അപൂർവ്വ നിമിഷത്തിൽ ഗ്രഹങ്ങളായ ചൊവ്വ, ശനി, ചന്ദ്രൻ, പെർസിഡ് ഉൽക്കാവർഷം, ശുക്രനും വ്യാഴവും തമ്മിലുള്ള സംയോജനം എന്നിവ ദൃശ്യമായേക്കാമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അലി അൽ-ഹാജ്‌രി പറഞ്ഞു. ഇത് തെളിഞ്ഞ കാലാവസ്ഥയിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ഈ മനോഹര ദൃശ്യങ്ങൾ ആഗസ്റ്റ് 11 വൈകിട്ട് തന്നെ കണ്ടു തുടങ്ങും.
സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ ചൊവ്വ ദൃശ്യമാകും. 95 ശതമാനം പ്രകാശത്തോടെ 28 ഡിഗ്രി ഉയരത്തിൽ കാണപ്പെടുന്ന ചൊവ്വ, രാത്രി മുന്നോട്ട് പോകുമ്പോൾ താഴ്ന്ന് വരും. ഭൂമിയിൽ നിന്ന് 325 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ചൊവ്വയിൽ നിന്നുള്ള പ്രകാശം ഇവിടെയെത്താൻ ഏകദേശം 18 മിനിറ്റും 4 സെക്കൻഡും എടുക്കും. രാത്രി ഏകദേശം 9.30-ഓടെ, കിഴക്കൻ ആകാശത്ത് ചന്ദ്രൻ ശനിയോട് അടുക്കുന്ന കാഴ്ച കാണാം. രാത്രി മുഴുവൻ ഈ രണ്ട് ആകാശഗോളങ്ങളും കൂടുതൽ അടുത്ത് വരും. ചൊവ്വാഴ്ച പുലർച്ചെ ആകുമ്പോഴേക്കും ചന്ദ്രനും ശനിയും തമ്മിലുള്ള അകലം 7 ഡിഗ്രിയും 27 മിനിറ്റുമായി ചുരുങ്ങും.
92.5 ശതമാനം പ്രകാശമുള്ള ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏകദേശം 3,70,000 കിലോമീറ്റർ അകലെയായിരിക്കും. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഒരു സെക്കൻഡിനപ്പുറം കൊണ്ട് ഭൂമിയിലെത്തും. അതേസമയം, ഏകദേശം പൂർണ്ണമായും (99.9%) പ്രകാശമുള്ള ശനി 1.3 ബില്യൺ കിലോമീറ്റർ അകലെയായിരിക്കും. ശനിയിൽ നിന്നുള്ള പ്രകാശം എത്താൻ ഒരു മണിക്കൂറിലധികം സമയമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

