2025ലെ ഏറ്റവും വലിയ ‘സൂപ്പർമൂൺ’ വിസ്മയം നവംബർ 5ന്
text_fieldsമനാമ: 2025ലെ ഏറ്റവും വലിയതും തിളക്കമേറിയതുമായ പൂർണചന്ദ്രൻ - ‘സൂപ്പർമൂൺ’ - നവംബർ 5, ബുധനാഴ്ച വൈകുന്നേരം ബഹ്റൈൻ ആകാശത്ത് ദൃശ്യമാകും. ഹിജ്റ 1447-ലെ ജമാദുൽ അവ്വൽ മാസത്തിലെ പൗർണമി ദിനത്തിലാണ് ഈ അപൂർവ ആകാശക്കാഴ്ചയെന്ന് പ്രമുഖ വാനനിരീക്ഷകൻ മുഹമ്മദ് റെഡ്ഹ അൽ അസ്ഫൂർ അറിയിച്ചു. വൈകുന്നേരം 4.19ന് തുടങ്ങി പിറ്റേന്ന് രാവിലെ 6:37 വരെ കാണാം.
ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഈ സമയം ചന്ദ്രൻ ഭൂമിയിൽനിന്ന് ഏകദേശം 356,840 കിലോമീറ്റർ മാത്രം അകലെയായിരിക്കും. ഇത് ഈ വർഷം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന അവസരമാണ്. സാധാരണ പൗർണമിയെ അപേക്ഷിച്ച് സൂപ്പർമൂണിന് 14 ശതമാനം കൂടുതൽ വലിപ്പവും 30ശതമാനം അധികം തിളക്കവും ഉണ്ടാകും.
ചന്ദ്രൻ ഭൂമിയിൽനിന്ന് ഏറ്റവും അകന്നു നിൽക്കുന്ന ‘മൈക്രോമൂൺ’ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വർധന.ഈ അസുലഭമായ ആകാശവിസ്മയം വാനനിരീക്ഷകർക്കും ഫോട്ടോഗ്രാഫർമാർക്കും ചന്ദ്രന്റെ ശോഭയും സൃഷ്ടിയിലെ സൗന്ദര്യവും പകർത്താനുള്ള മികച്ച അവസരമാണ് നൽകുന്നതെന്നും അൽ അസ്ഫൂർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

