ഏഷ്യൻ യൂത്ത് ഗെയിംസിന് രാജ്യം സജ്ജം
text_fieldsമനാമ: മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിനായി ബഹ്റൈൻ പൂർണ സജ്ജമായതായി സംഘാടകർ അറിയിച്ചു. ഒക്ടോബർ 22 മുതൽ 31 വരെ നടക്കുന്ന കായിക മാമാങ്കത്തിൽ 45 രാജ്യങ്ങളിൽനിന്നായി 4,300ൽ അധികം യുവ അത്ലറ്റുകളാണ് മത്സരിക്കാനെത്തുന്നത്. 780 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള രാജ്യത്ത് ഇത്രയധികം താരങ്ങളെ ഒരേസമയം ആതിഥേയത്വം വഹിക്കുന്നത് ബഹ്റൈന്റെ കായികരംഗത്തെ വലിയൊരു കാൽവെപ്പാണെന്ന് ഗെയിംസ് എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ യൂസുഫ് ദുവായ്ജ് പറഞ്ഞു. ലോജിസ്റ്റിക്സ്, ടീം മാനേജ്മെന്റ്, രാജ്യാന്തര ഏകോപനം തുടങ്ങിയ എല്ലാ തയാറെടുപ്പുകളും അവസാന ഘട്ടത്തിലാണ്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഗെയിംസിൽ, ഏജ്-ഗ്രൂപ് മത്സരത്തിൽ ബഹ്റൈൻ പങ്കെടുക്കുന്ന ഏറ്റവും വലിയ സംഘത്തെയാണ് ഇത്തവണ അണിനിരത്തുന്നത്. മേളയിൽ ആകെ 356 ബഹ്റൈൻ പ്രതിനിധികൾ പങ്കെടുക്കും. ഇതിൽ 204 അത്ലറ്റുകൾ, 130 പരിശീലകർ/അഡ്മിനിസ്ട്രേറ്റർമാർ, 22 ഒളിമ്പിക് കമ്മിറ്റി ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്നു. 54 പെൺകുട്ടികൾ അടങ്ങുന്ന വനിത പങ്കാളിത്തവും ഇത്തവണത്തെ റെക്കോഡാണ്.
പ്രധാന മത്സരങ്ങളും വേദികളും
അത്ലറ്റിക്സ്, 3x3 ബാസ്കറ്റ്ബാൾ, ബാഡ്മിന്റൺ, വോളിബാൾ (ഇൻഡോർ ആൻഡ് ബീച്ച്), സൈക്ലിങ്, ഫുട്സാൽ, ഹാൻഡ്ബാൾ, തൈക്വാൻഡോ, ഗുസ്തി തുടങ്ങി 26 ഇനങ്ങളിലായി 2,000ത്തോളം മെഡലുകൾക്കായി താരങ്ങൾ മാറ്റുരയ്ക്കും. പ്രധാന വേദിയായ ഈസ സ്പോർട്സ് സിറ്റിയിൽ അത്ലറ്റിക്സ്, വോളിബാൾ, ബാഡ്മിന്റൺ മത്സരങ്ങൾ നടക്കും.
എക്സിബിഷൻ വേൾഡ് ബഹ്റൈൻ കോംബാറ്റ്, എമർജിങ് സ്പോർട്സ് ഇനങ്ങൾക്ക് വേദിയാകും. ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായി ഇൻഡോർ ഉദ്ഘാടന ചടങ്ങിനും ഒക്ടോബർ 22ന് എക്സിബിഷൻ വേൾഡ് വേദിയാകും. ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിലാണ് ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ. ഉദ്ഘാടന ചടങ്ങ് ഒക്ടോബർ 22നാണെങ്കിലും, ആൺകുട്ടികളുടെ ഫുട്സാൽ, ഹാൻഡ്ബാൾ, വോളിബാൾ, കബഡി തുടങ്ങിയ നിരവധി മത്സരങ്ങൾ ഒക്ടോബർ 19ന് തന്നെ തുടങ്ങും. പെൺകുട്ടികളുടെ ഫുട്സാൽ, ടീക്ബാൾ, ബീച്ച് വോളിബാൾ മത്സരങ്ങൾ ഒക്ടോബർ 21നും ആരംഭിക്കും.
ഗെയിംസിന്റെ തയാറെടുപ്പുകൾ ഉന്നത നേതാക്കൾ നേരിട്ട് വിലയിരുത്തിയിരുന്നു. എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ യൂസുഫ് ദുവായ്ജും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ ഈസ സ്പോർട്സ് സിറ്റിയിലെയും ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിലെയും ഒരുക്കങ്ങൾ വിലയിരുത്തി. വേദികളുടെ സജ്ജീകരണമാണ് വിജയത്തിന് പ്രധാന ഘടകമെന്ന് ശൈഖ് ഖാലിദ് അഭിപ്രായപ്പെട്ടു.
ചൈന (293), യു.എ.ഇ (152), മംഗോളിയ (135), ശ്രീലങ്ക (100) തുടങ്ങിയ വലിയ ടീമുകൾ വരുംദിവസങ്ങളിൽ ബഹ്റൈനിലെത്തും. കുവൈത്ത്, പാകിസ്താൻ, ഇറാൻ, കസാഖിസ്താൻ എന്നീ രാജ്യങ്ങളുടെ സംഘങ്ങൾ നേരത്തേതന്നെ എത്തിച്ചേർന്നിട്ടുണ്ട്.
യുവ കായികതാരങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഗെയിംസ് യൂത്ത് ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയ വലിയ വേദികളിലേക്കുള്ള ഒരുക്കമാണെന്ന് ഫിലിപ്പീൻസ് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

