Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രഖ്യാപിച്ച ഫീസ്...

പ്രഖ്യാപിച്ച ഫീസ് ഇളവുകൾ പ്രായോഗികമല്ല; ഇന്ത്യൻ സ്കൂളിനെതിരെ ചോദ്യങ്ങളുമായി രക്ഷിതാക്കൾ

text_fields
bookmark_border
പ്രഖ്യാപിച്ച ഫീസ് ഇളവുകൾ പ്രായോഗികമല്ല; ഇന്ത്യൻ സ്കൂളിനെതിരെ ചോദ്യങ്ങളുമായി രക്ഷിതാക്കൾ
cancel

മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് പ്രഖ്യാപിച്ച ഫീസ് ഇളവുകൾ പ്രായോഗികമല്ലെന്നും രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കുന്നതാണെന്നും ആരോപണം. സർവീസ് നടത്താത്ത ദിവസങ്ങളിലെ ബസ് ഫീസ് ഈടാക്കുന്നതും, നൽകുന്ന ഫീസ് അശാസ്ത്രീയമായി വകയിരുത്തുന്നതുമാണ് പ്രധാനമായും പ്രതിഷേധത്തിന് കാരണമാകുന്നത്.മാർച്ച് മാസത്തിൽ സ്കൂൾ ബസ് സർവീസ് നടത്താതിരുന്നിട്ടും ട്രാൻസ്പോർട്ട് ഫീസ് ഈടാക്കുന്നു എന്നതാണ് രക്ഷിതാക്കളുടെ പ്രധാന പരാതി. ഇതുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്പനിയുമായി ചർച്ച നടക്കുകയാണെന്നാണ് സ്കൂൾ സർക്കുലറിൽ പറയുന്നത്. എന്നാൽ, അതിന് എന്തിനാണ് ഇത്ര കാലതാമസമെന്നും, സർവീസ് നടത്താത്ത ബസിന് എന്തിനാണ് ഫീസ് നൽകേണ്ടതെന്നുമാണ് രക്ഷിതാക്കളുടെ ചോദ്യം.

സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് ഫീസിൽ 20 ദീനാർ വരെ താൽക്കാലികമായി കുറച്ച് അടയ്ക്കാമെന്നും അത്തരക്കാരുടെ പരീക്ഷാ ഫലം തടയില്ലെന്നും സ്കൂൾ അറിയിച്ചിരുന്നു.എന്നാൽ, രക്ഷിതാക്കൾ അടയ്ക്കുന്ന തുക ആദ്യം ട്രാൻസ്പോർട്ട് ഫീസായി പരിഗണിക്കുകയും ബാക്കി തുക മാത്രം ട്യൂഷൻ ഫീസിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. ഇത് ഫലത്തിൽ രക്ഷിതാക്കൾക്ക് ഗുണകരമാകുന്നില്ലെന്ന് 'ഗൾഫ് മാധ്യമ'ത്തോട് സംസാരിച്ച ഒരു രക്ഷിതാവ് വെളിപ്പെടുത്തി.

ഫെബ്രുവരി 28 മുതൽ സ്കൂൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിരുന്നു. എന്നിട്ടും സ്മാർട്ട് ക്ലാസ് റൂം അടക്കമുള്ള സ്കൂളിലെ ഭൗതിക സൗകര്യങ്ങൾക്കടക്കം മാർച്ചിൽ ഫീസ് ഈടാക്കുന്നത് ന്യായമല്ലെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാർച്ചിൽ കാര്യമായ ക്ലാസുകളോ മറ്റ് പ്രവർത്തനങ്ങളോ നടന്നിട്ടില്ലെങ്കിലും അവരുടെ മുഴുവൻ ഫീസും ഈടാക്കിയിട്ടുണ്ട്. അധ്യാപകരുടെ ശമ്പളത്തിനാണ് ഫീസ് ഈടാക്കുന്നതെങ്കിൽ, സ്കൂൾ ഫെയർ വഴി ലഭിച്ച തുക എവിടെ പോയി എന്ന ചോദ്യവും രക്ഷിതാക്കൾ ഉയർത്തുന്നു. രണ്ടും മൂന്നും കുട്ടികൾ പഠിക്കുന്ന കുടുംബങ്ങൾക്ക് നിലവിലെ സാമ്പത്തിക സാഹചര്യം വലിയ ബാധ്യതയാണ്.

ജനുവരിയിലും ഫെബ്രുവരിയിലും കൃത്യമായി ഫീസടച്ചവർക്ക് 20 ദീനാർ ഇളവ് എന്ന വ്യവസ്ഥക്ക് പകരം നിയന്ത്രണമില്ലാത്ത ഒരു ഇളവ് നൽകണമെന്നും, ഇനി അഥവാ അടയ്ക്കാൻ കഴി‍യാതെ വരുന്നവരുടെ കുട്ടികളുടെ ഫലം ഈ സാഹചര്യത്തിൽ മുഴുവനായും പുറത്ത് വിടാനും തുടർന്നുള്ള ക്ലാസുകളിലേക്ക് അവർക്ക് പ്രവേശനം അനുവദിക്കാനുമാണ് രക്ഷിതാക്കൾ പറയുന്നത്.അതേസമയം, സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ വിശ്വസിക്കരുതെന്ന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് അറിയിച്ചു.

പ്രതിസന്ധികൾക്കിടയിലും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ക്ഷേമത്തിനാണ് മുൻഗണനയെന്നും, ഓൺലൈൻ ക്ലാസുകൾ തുടരുകയാണെങ്കിൽ ഇളവുകളെക്കുറിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:announcedindian schoolsBahrain Newsgulf news malayalam
News Summary - The announced fee concessions are not practical; Parents raise questions against Indian schools
Next Story