ഒമ്പതാമത് ബി.കെ.എസ്-ഡി.സി. അന്താരാഷ്ട്ര പുസ്തകോത്സവം നാളെ തുടങ്ങും
text_fieldsഅന്താരാഷ്ട്ര പുസ്തകോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ നിന്ന്
മനാമ: ബഹ്റൈൻ കേരളീയ സമാജവും ഡി.സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒമ്പതാമത് ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകോത്സവവും കൾച്ചറൽ കാർണിവലും ഡിസംബർ 4 മുതൽ 14 വരെ ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കും. സമാജത്തിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവരാണ് പുസ്തകോത്സവത്തിന്റെയും കൾച്ചറൽ കാർണിവലിന്റെയും വിവരങ്ങൾ അറിയിച്ചത്.
കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെയും സെലിബ്രിറ്റികളും സാന്നിധ്യം പ്രതീക്ഷിക്കുന്ന പുസ്തകമേളയിൽ ബഹ്റൈനിലെ ഏഴോളം മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളും പ്രകാശനം ചെയ്യപ്പെടും.
ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വൈകീട്ട് 7.30ന് എല്ലാദിവസവും കൾച്ചറൽ പ്രോഗ്രാമുകളും തുടർന്ന് പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങളും ഉണ്ടായിരിക്കും. ലക്ഷത്തോളം പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന പുസ്തകമേളയിൽ കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പുസ്തകശേഖരവും ഉണ്ടായിരിക്കും.
ഡിസംബർ നാലാം തീയതി വൈകീട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങ് എൺപതോളം ഏഷ്യൻ സ്കൂൾ വിദ്യാർഥികൾ പങ്കെടുക്കുന്ന ബാൻഡോടെ ആരംഭിക്കും.
ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയും പ്രമുഖ കവിയും ഗാനരചയിതാവുമായ പ്രഭാ വർമ വിശിഷ്ടാതിഥിയായും പങ്കെടുക്കും. രാവിലെ 9.00 മുതൽ രാത്രി 10.30 വരെ സമയം ക്രമീകരിച്ചിരിക്കുന്ന പുസ്തകമേളയിൽ ഗസൽ സന്ധ്യ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക പരിപാടികൾ, ബഹ്റൈനിലെ മറ്റു രാജ്യ കലാകാരന്മാരുടെ സംസ്കാരിക പരിപാടികൾ, ആർദ്രഗീത സന്ധ്യ, നൃത്തനൃത്യങ്ങൾ, ഡാൻസ് ഡ്രാമ, മ്യൂസിക് ബാൻഡ് തുടങ്ങി നിരവധി പരിപാടികളോടൊപ്പം ദിവസേന സ്പോട്ട് ക്വിസ്സും നടക്കും.
പുസ്തകമേളയോടനുബന്ധിച്ചു സമാജം ഫോട്ടോഗ്രഫി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രഫി എക്സിബിഷനും ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ആർട്ട് ആൻഡ് പെയിന്റിങ് എക്സിബിഷനും നടത്തപ്പെടും.
സമാജം സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ശ്രീ. ആഷ്ലി കുര്യൻ മഞ്ഞില കൺവീനറായും ശ്രീ. ജോയ് പോളി, സവിത സുധിർ, സിൻഷ വിതേഷ് എന്നിവർ ജോയിന്റ് കൺവീനർമാരായും 150ൽപരം അംഗങ്ങളുള്ള സംഘാടകസമിതിയാണ് അന്താരാഷ്ട്ര പുസ്തകമേളയുടെ നടത്തിപ്പിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
പുസ്തകങ്ങൾ കാണാനും വാങ്ങാനും സാംസ്കാരിക പരിപാടികളും എക്സിബിഷനുകളും കാണാനും കേരളത്തിൽ നിന്നെത്തുന്ന പ്രമുഖ വ്യക്തിത്വങ്ങളുമായി സംവദിക്കാനും ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 39215128/ 39370929/ 34688624.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

