മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന് ഔദ്യോഗിക തുടക്കം; തിരിതെളിച്ച് ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ
text_fieldsശൈഖ് നാസറും ശൈഖ് ഖാലിദും വേദിയിൽ
മനാമ: ഏഷ്യയിലെ യുവ കായിക താരങ്ങളുടെ ഏറ്റവും വലിയ മാമാങ്കമായ മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന് ബഹ്‌റൈനിൽ തിരിതെളിഞ്ഞു.
ഒക്ടോബർ 22 മുതൽ 31 വരെ നടക്കുന്ന ഗെയിംസിന്‍റെ ഔദ്യോഗിക ഉദ്ഘാടനം രാജാവിന്‍റെ മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള പ്രതിനിധിയും ഗെയിംസിൻ്റെ ഡെപ്യൂട്ടി രക്ഷാധികാരിയുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ പ്രൗഢമായ വേദിയിൽ ഉദ്ഘാടനം ചെയ്തു. 45 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകൾ പങ്കെടുക്കുന്ന ഈ കായികമേള, ഏഷ്യൻ യുവജനതയുടെ ഐക്യം വിളിച്ചോതുന്ന വേദിയായി മാറി.
ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ വൈസ് പ്രസിഡന്‍റ് തിമോത്തി ഫോക് സുൻ ടിങ് എന്നിവരും ഒ.സി.എ ഭാരവാഹികളും നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ നിരവധി കായിക പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ബഹ്‌റൈന്‍റെ തീരുമാനം, ദേശീയ വികസനത്തിൻ്റെ അടിത്തറ യുവജനങ്ങളാണെന്ന് വിശ്വസിക്കുന്ന ഹമദ് രാജാവിൻ്റെ ദീർഘവീക്ഷണത്തിൻ്റെയും പിന്തുണയുടെയും ഫലമാണെന്ന് ശൈഖ് നാസർ ഊന്നിപ്പറഞ്ഞു. അഭിലാഷങ്ങളെ നേട്ടങ്ങളാക്കി മാറ്റാൻ രാജാവിൻ്റെ പിന്തുണ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ കായികരംഗത്തെ പിന്തുണയ്ക്കും, ബഹ്‌റൈനെ പ്രധാന ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുന്ന ഒരു കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിരന്തരമായ നിർദ്ദേശങ്ങൾക്കും ശൈഖ് നാസർ നന്ദി അറിയിച്ചു.
കൂടാതെ, ടൂർണമെൻ്റിന് പുതിയ ഊർജ്ജം നൽകിയ ശൈഖ് ഖാലിദ് കാഴ്ചപ്പാടിനെയും പ്രയത്നങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഈ ഗെയിംസ് ഏഷ്യയിലെ യുവത്വത്തിന് ഒരു പുതിയ യുഗത്തിൻ്റെ തുടക്കമാണെന്നും, ടൂർണമെൻ്റ് സംഘടിപ്പിക്കുന്നതിൽ ബഹ്‌റൈൻ മികവ് പുലർത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 6,000ത്തിലധികം അത്‌ലറ്റുകൾ പങ്കെടുക്കുന്ന ഈ കായികമേള ഏഷ്യൻ ഐക്യത്തെ പ്രതിനിധീകരിക്കുന്നുവെന്നും, കായികരംഗം രാഷ്ട്രങ്ങൾക്കിടയിലെ പാലമാണെന്നും ശൈഖ് ഖാലിദ് തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. ഹമദ് രാജാവിൻ്റെ രക്ഷാകർതൃത്വത്തിൽ അഭിമാനം പ്രകടിപ്പിച്ച അദ്ദേഹം, കായികരംഗത്തിന് അദ്ദേഹം നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചു.
വർണ്ണാഭമായ ഉദ്ഘാടന ചടങ്ങ്
ദേശീയ ഗാനാലാപനത്തോടെയും ബഹ്‌റൈൻ പതാക ഉയർത്തിയതോടെയുമാണ് ചടങ്ങുകൾ ആരംഭിച്ചത്. ബഹ്‌റൈൻ സംസ്കാരത്തിൻ്റെ തനിമയും ഏഷ്യൻ പൈതൃകവും സമന്വയിപ്പിച്ച കലാ പ്രകടനങ്ങൾ നടന്നു. പങ്കെടുക്കുന്ന രാജ്യങ്ങളുടെ അത്‌ലറ്റിക് ടീമുകൾ അണിനിരന്ന പരേഡ് ചടങ്ങിന് മാറ്റുകൂട്ടി.
ബഹ്‌റൈൻ്റെ പരമ്പരാഗത വേഷത്തിലെത്തിയ ബഹ്‌റൈൻ സംഘത്തിന് ആവേശോജ്ജ്വലമായ വരവേൽപ്പ് ലഭിച്ചു. മിക്സഡ് മാർഷ്യൽ ആർട്സ് താരം അബ്ദുല്ല ജമാൽ അഹമ്മദും ട്രയാത്ത്‌ലറ്റ് ലുൽവ താരിഖ് അൽ ദോസരിയും രാജ്യത്തിൻ്റെ പതാകയേന്തി. ജന്നത് ഷറഫും സമൻ അൽ ജുഹ്രാമിയും അത്‌ലറ്റുകളുടെ പ്രതിജ്ഞയും ബദർ ഫറജും ഫാത്തിമ അൽ മുത്തവജും റഫറിമാരുടെ പ്രതിജ്ഞയും ചൊല്ലി. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലൂടെ കൊണ്ടുവന്ന ഒളിമ്പിക് ദീപശിഖ മുൻ ഒളിമ്പിക് അത്‌ലറ്റിക്സ് ചാമ്പ്യൻ റുഖയ്യ അൽ ഗാസ്ര കത്തിച്ചു. ബഹ്‌റൈൻ്റെ ഒളിമ്പിക്, ഏഷ്യൻ ഗെയിംസുകളിലെ ചരിത്ര പങ്കാളിത്തം എടുത്തു കാണിക്കുന്ന പ്രദർശനവും ശൈഖ് നാസർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

