ഫലസ്തീൻ പ്രശ്നങ്ങൾക്ക് പരിഹാരം വേണം; ആഹ്വാനവുമായി 34ാമത് അറബ് ഉച്ചകോടി സമാപിച്ചു
text_fieldsഇറാഖിൽ നടന്ന 34ാമത് അറബ് ഉച്ചകോടിയിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി പങ്കെടുക്കുന്നു
മനാമ: ഫലസ്തീൻ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്ന ആഹ്വാനവുമായി 34ാമത് അറബ് ഉച്ചകോടി സമാപിച്ചു. പശ്ചിമേഷ്യയിലെ പ്രശ്നം അറബ് രാജ്യങ്ങൾക്ക് പ്രധാന വിഷയമാണെന്നും മേഖലയുടെ സ്ഥിരതക്ക് പരിഹാരം അനിവാര്യമാണെന്നുമാണ് ഉച്ചകോടയിൽ ഉയർന്നുവന്ന ബഗ്ദാദ് പ്രഖ്യാപനം അടിവരയിട്ടത്. പ്രമുഖ അറബ് രാഷ്ട്രനേതാക്കൾ സന്നിഹിതരായ ഉച്ചകോടിയിൽ ബഹ്റൈൻ പ്രതിനിധിയായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി പങ്കെടുത്തു.
ഫലസ്തീനിൽ വെടിനിർത്തൽ നടപ്പാക്കുന്നതടക്കം നിർണായക ശാശ്വത പരിഹാരങ്ങൾക്ക് ബഹ്റൈന്റെ ആഹ്വാനവും പിന്തുണയും അൽ സയാനി അറിയിച്ചു. ഇറാഖിലെ ബഗ്ദാദിൽ നടന്ന ഉച്ചകോടിക്ക് ഇറാഖ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് റശീദ്, അറബ് രാഷ്ട്ര നേതാക്കൾ, അറബ് ലീഗ് സെക്രട്ടറി ജനറൽ എന്നിവർ നേതൃത്വം നൽകി. സ്വതന്ത്ര ഫലസ്തീൻ സ്ഥാപിക്കാനുള്ള അവിടത്തെ ജനതയുടെ അവകാശങ്ങൾക്ക് പൂർണപിന്തുണ നൽകുന്നതായും പലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിനെ എതിർക്കുന്നതായും ബഗ്ദാദ് പ്രഖ്യാപനം അറിയിച്ചു. കൂടാതെ ഗസ്സയിലെ യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കണമെന്നും അടിയന്തര മാനുഷിക സഹായം തടസ്സമില്ലാതെ എത്രയുംപെട്ടെന്ന് എത്തിക്കാനും ആഹ്വാനം ചെയ്തു.
ഗസ്സയുടെ പുനർനിർമാണ പദ്ധതിക്ക് രാഷ്ട്രീയവും സാമ്പത്തികവും നിയമപരവുമായ പിന്തുണ നൽകാൻ എല്ലാ രാജ്യങ്ങളോടും ഉച്ചകോടി ആവശ്യപ്പെട്ടു. 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരവുമുള്ള ഒരു ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും ആഹ്വാനം ചെയ്തു. സമ്പദ്വ്യവസ്ഥ, കൃത്രിമ ബുദ്ധി, ഭക്ഷ്യസുരക്ഷ, സ്കൂൾ, യൂനിവേഴ്സിറ്റി ആരോഗ്യ വികസനം, അറബ് വ്യാപാര മന്ത്രിമാരുടെ കൗൺസിൽ സ്ഥാപിക്കാനുള്ള നിർദേശം തുടങ്ങി ഉച്ചകോടിയിൽ അറബ് രാഷ്ട്രങ്ങൾ നിർദേശിച്ച വിവിധ പദ്ധതികൾ ചർച്ചചെയ്തു. സമാധാനത്തിനും നവീകരണത്തിനും സർഗാത്മകതക്കും നിർമിത ബുദ്ധിയെ (എ.ഐ) ഉപയോഗിക്കണമെന്ന ആശയത്തിൽ ബഹ്റൈൻ ഒരു അന്താരാഷ്ട്ര ഉടമ്പടി ആവശ്യപ്പെട്ടു. ബഹ്റൈന്റെ ബഹിരാകാശ പദ്ധതിയായ അൽ മുൻദിർ വഴി ബഹിരാകാശ മേഖലയിൽ അറബ് നേതൃത്വം മെച്ചപ്പെടുത്തുന്നതിനെ ഉച്ചകോടി പിന്തുണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

