21ാമത് ഐ.ഐ.എസ്.എസ് മനാമ ഡയലോഗ് സമാപിച്ചു
text_fields21-ാമത് ഐ.ഐ.എസ്.എസ് മനാമ ഡയലോഗ് സമാപന വേദി
മനാമ: സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന പ്രധാന രാഷ്ട്രീയ പരിവർത്തനങ്ങളും പ്രാദേശിക, അന്താരാഷ്ട്ര വെല്ലുവിളികളും ചർച്ച ചെയ്ത 21ാമത് ഐ.ഐ.എസ്.എസ് മനാമ ഡയലോഗ് 2025 സമാപിച്ചു. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസും (ഐ.ഐ.എസ്.എസ്) ബഹ്റൈൻ വിദേശകാര്യ മന്ത്രാലയവും ചേർന്നാണ് ഫോറം സംഘടിപ്പിച്ചത്.
സിറിയൻ വിദേശകാര്യ മന്ത്രി അസദ് ഹസൻ അൽ ഷൈബാനി, യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗാർഗാഷ്, ഫലസ്തീൻ വിദേശകാര്യ മന്ത്രി ഡോ. വാർസെൻ അഘാബെകിയൻ ഷാഹിൻ, സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയത്തിലെ മന്ത്രി പ്ലീനിപൊട്ടൻഷ്യറി ഡോ. മനാൽ റാദ്വാൻ എന്നിവർ പങ്കെടുത്ത ഈ സെഷൻ സുസ്ഥിരമായ സ്ഥിരതക്കും വികസനത്തിനും സംഭാഷണത്തിന്റെയും തന്ത്രപരമായ ആസൂത്രണത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു. മനുഷ്യാവകാശം ശക്തിപ്പെടുത്തുക, തീവ്രവാദത്തെ ചെറുക്കുക, പ്രതിസന്ധികളുടെ മൂലകാരണങ്ങൾ പരിഹരിക്കുക എന്നിവ ചർച്ചയായി. സൈപ്രസ് വിദേശകാര്യ മന്ത്രി ഡോ. കോൺസ്റ്റാന്റിനോസ് കോംബോസ്, സിംഗപ്പൂർ പ്രതിരോധ സീനിയർ സഹമന്ത്രി സഖി മുഹമ്മദ്, നാറ്റോ ഡെപ്യൂട്ടി സുപ്രീംഅലൈഡ് കമാൻഡർ അഡ്മിറൽ സർ കെയ്ത്ത് ബ്ലണ്ട് എന്നിവർ പങ്കെടുത്തു. ആഗോള വ്യാപാരം, മാരിടൈം സുരക്ഷ, വിതരണ ശൃംഖലകൾ എന്നിവയെ ബാധിക്കുന്ന വെല്ലുവിളികൾ ചർച്ച ചെയ്തു. സൈബർ സുരക്ഷ, വിവര കൈമാറ്റം, സുസ്ഥിര വികസനം എന്നിവയിൽ സഹകരണം ഉറപ്പാക്കാനും ആഹ്വാനം ചെയ്തു.
നാറ്റോയുടെ മിലിട്ടറി കമ്മിറ്റി ചെയർമാൻ അഡ്മിറൽ ജുസെപ്പെ കാവോ ഡ്രാഗൺ, റൊമാനിയയുടെ മുൻ ഉപപ്രധാനമന്ത്രി അന്ന ബിർച്ചാൽ എന്നിവർ പങ്കെടുത്ത സെഷൻ സമാധാനത്തിനും സ്ഥിരതക്കും വേണ്ടിയുള്ള ആണവ നിയന്ത്രണ ചട്ടക്കൂടുകളുടെ പ്രാധാന്യം ഉയർത്തിക്കാട്ടി.
ഈ വർഷത്തെ ഡയലോഗിൽ 65 രാജ്യങ്ങളിൽനിന്നുള്ള 700ൽ അധികം പ്രതിനിധികൾ പങ്കെടുത്തു, 27 യുവ നേതാക്കളും ഇതിൽ ഉൾപ്പെടുന്നു. മന്ത്രിമാർ, ഇന്റലിജൻസ് മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ, പ്രതിരോധ നേതാക്കൾ എന്നിവരുടെ ഉയർന്ന പങ്കാളിത്തം ശ്രദ്ധേയമായി. പങ്കെടുത്ത രാജ്യങ്ങൾക്കിടയിൽ 103 ഉഭയകക്ഷി കൂടിക്കാഴ്ചകൾക്ക് ഉച്ചകോടി സൗകര്യമൊരുക്കി.
സമാപന പ്രസംഗത്തിൽ, രാജാവ് ഹമദ് ബിൻ ഇസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് ഐ.ഐ.എസ്.എസ് ഡയറക്ടർ ജനറലും ചീഫ് എക്സിക്യുട്ടിവുമായ ഡോ. ബാസ്റ്റ്യൻ ഗീഗറിച്ച് നന്ദി പറഞ്ഞു.
പ്രാദേശിക, ആഗോള സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഫോറത്തിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

