വിമാനത്താവളത്തിൽ കോവിഡ് പരിശോധന പ്രവാസികൾക്ക് ആശ്വാസമായി ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം
text_fieldsമനാമ: കേരളത്തിലെ വിമാനത്താവളങ്ങളിൽ വിദേശത്തുനിെന്നത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന സൗജന്യമാക്കുമെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പ്രഖ്യാപനം പ്രവാസികൾക്ക് ആശ്വാസവാർത്തയായി. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള തീരുമാനം രാഷ്ട്രീയതന്ത്രമായി വ്യാഖ്യാനിക്കാമെങ്കിലും നിരവധി സാമ്പത്തികപ്രയാസങ്ങളിലൂടെ കടന്നുപോകുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്നതാണ്. കേന്ദ്ര സർക്കാറിെൻറ പുതിയ കോവിഡ് നിബന്ധനകൾക്കെതിരെ പ്രവാസലോകത്തെ ഒരുവിധം എല്ലാ സംഘടനകളും കൂട്ടായ്മകളും ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ രംഗത്തുവന്നിരുന്നു.
യൂറോപ്പ്, യു.കെ, ഗൾഫ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലെത്തുന്നവർക്കാണ് അധിക നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നത്. ഇവർ യാത്ര പുറപ്പെടുന്നതിനുമുമ്പ് 72 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം, നാട്ടിലെത്തിയാൽ വിമാനത്താവളത്തിൽവെച്ച് വീണ്ടും കോവിഡ് പരിശോധന നടത്തണം എന്നിവയാണ് പ്രവാസികളെ വലച്ച പുതിയ നിബന്ധനകളിൽ പ്രധാനം. കുഞ്ഞുങ്ങൾക്കുപോലും ഇളവ് അനുവദിച്ചില്ല. കോവിഡ് നെഗറ്റിവ് ആണെങ്കിലും നിർബന്ധിത ക്വാറൻറീനും പ്രവാസികൾക്ക് ഏർപ്പെടുത്തി. ഇൗ നിബന്ധനകൾക്കെതിരെ വ്യാപക പ്രതിഷേധമാണുയർന്നത്. കേന്ദ്ര, കേരള സർക്കാറുകൾക്ക് നിവേദനങ്ങൾ അയച്ചതിന് പുറമേ, രാഷ്ട്രീയ ഇടപെടലുകളും സജീവമായുണ്ടായി.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രവാസികളുടെ പ്രതിേഷധം സർക്കാറിന് അവഗണിക്കാനാകുമായിരുന്നില്ല. അതിനാലാണ് തെരഞ്ഞെടുപ്പ് കമീഷൻ വോെട്ടടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ സർക്കാർ ഒരു മുഴം നീട്ടിയെറിഞ്ഞത്. പ്രവാസി പ്രതിഷേധമുയർത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള പ്രതിപക്ഷ കൂട്ടായ്മകളുടെ നീക്കത്തിന് തടയിടുകകൂടിയാണ് സർക്കാർ ഇതുവഴി ചെയ്തത്. എന്നാൽ, നിബന്ധിത ക്വാറൻറീനിൽ ഇളവ് നൽകാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്താനായിരിക്കും പ്രതിപക്ഷ ശ്രമം. പ്രവാസികൾക്കുള്ള കോവിഡ് ടെസ്റ്റ് സൗജന്യമാക്കാൻ സർക്കാർ നിർബദ്ധിതമായത് തങ്ങളുടെ ശക്തമായ ഇടപെടൽ കാരണമാണെന്ന് പ്രഖ്യാപിച്ച് കെ.എം.സി.സി ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകൾ രംഗത്തുവരുകയും ചെയ്തു. അതിനാൽ, കോവിഡ് നിബന്ധനകൾ വരുംദിവസങ്ങളിലും പ്രവാസലോകത്ത് സജീവ ചർച്ചാവിഷയമാകുമെന്ന് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

