ഫലസ്തീനുള്ള പിന്തുണക്ക് നന്ദി; പടിയിറങ്ങാനൊരുങ്ങി ഫലസ്തീൻ അംബാസഡർ
text_fieldsതാഹ മുഹമ്മദ് അബ്ദുൽ ഖാദർ
മനാമ: ഫലസ്തീനുള്ള ബഹ്റൈന്റെ പിന്തുണക്ക് നന്ദി പറഞ്ഞ് കാലാവധി അവസാനിച്ച് മടങ്ങുന്ന ബഹ്റൈനിലെ ഫലസ്തീൻ അംബാസഡർ താഹ മുഹമ്മദ് അബ്ദുൽ ഖാദർ. അറബ്, അന്താരാഷ്ട്ര വേദികളിൽ ഫലസ്തീന്റെ ശബ്ദമായാണ് ബഹ്റൈൻ പ്രവർത്തിച്ചതെന്നും അബ്ദുൽ ഖാദർ പറഞ്ഞു. 15 വർഷത്തിലേറെ കാലം നീണ്ട സേവനങ്ങൾക്ക് ശേഷമാണ് താൻ ബഹ്റൈനിൽനിന്ന് യാത്ര പറയുന്നത്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ച സ്വന്തം വീട്ടിലെന്ന പ്രതീതിയാണ് തനിക്ക് ലഭിച്ചിരുന്നതെന്നും ബഹ്റൈനുമായുള്ള ഫലസ്തീന്റെ ബന്ധം ഔദ്യോഗിക പദവികളേക്കാൾ മുകളിലാണെന്നും അബ്ദുൽ ഖാദർ വ്യക്തമാക്കി. അറബ് ലോകത്തുനിന്നും മറ്റു സ്ഥലങ്ങളിൽനിന്നുമുള്ള നിരവധി രാഷ്ട്രീയക്കാരെയും നേതാക്കളെയും ഈ കാലയളവിൽ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ, ബഹ്റൈനിൽനിന്നുള്ള ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകൾ തികച്ചും വ്യത്യസ്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ ജനതയെയും അവരുടെ പൈതൃകത്തെയും ഹമദ് രാജാവ് വളരെയേറേ സ്നേഹിക്കുന്നുണ്ടെന്നും കിരീടാവകാശി എല്ലാ കാര്യങ്ങളിലും താനുമായി ബന്ധപ്പെടാറുണ്ടെന്നും അംബാസഡർ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും മികച്ച വർഷങ്ങൾ ബഹ്റൈനിലാണ് ഞാനും കുടുംബവും കഴിഞ്ഞതെന്നും ഈ രാജ്യത്തെ എന്റെ അനുഭവങ്ങൾ നയതന്ത്രജ്ഞൻ എന്ന നിലക്ക് ഒരു നാഴികക്കല്ലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

