തായ്​ലാൻറ്​ വിശേഷങ്ങൾ

08:08 AM
21/07/2019
തായ്​ലാൻറിലെ വഴിയോര കച്ചവടം

കുറച്ച് വർഷങ്ങൾക്ക് മുമ്പാണ്​ ആദ്യമായി തായ്​ലാൻറിൽ പോയത്. അന്ന് ആ നാടിനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു. 10 ദിവസത്തെ യാത്രയും താമസവും അവിസ്മരണീയമായിരുന്നു. ഒരു രാജ്യവും അവിടുത്തെ സംസ്കാരവും എന്താണെന്ന് കണ്ടറിഞ്ഞ നാളുകൾ.  ടൂറിസമാണ്​  തായ്​ലാൻറി​​​െൻറ  പ്രധാന വരുമാനം.  

മനസ്സിനും കണ്ണിനും ഇമ്പം പകരുന്ന ഒരു പാട്    പ്രകൃതി കാഴ്​ചകളും പ്രദേശങ്ങളും വിനോദോപാധികളും അവിടെയുണ്ട്​. ചുറ്റുമൊന്ന് നോക്കിയാൽ ഒരു കരിയില പോലുമില്ലാത്ത മനോഹരമായ തണൽ മരങ്ങൾ നിറഞ്ഞ റോഡുകളും, ഉദ്യാനങ്ങളും. ഇടക്കിടക്ക് തായ് ശൈലിയിൽ നിർമിച്ച വർണപ്പകിട്ടാർന്ന ബുദ്ധക്ഷേത്രങ്ങളും കൊട്ടാരങ്ങളും. വൃത്തിയും വെടിപ്പുമുള്ള തെരുവു കച്ചവട കേന്ദ്രങ്ങൾ.

രാത്രികൾ പകലുകളാക്കുന്ന വർണ്ണക്കാഴ്ചകൾ. ഇടക്കിടക്ക്​ കണ്ണിൽപ്പെടുന്ന കടകൾ. ലോകത്തി​​​െൻറ നാനാ കേന്ദ്രങ്ങളിൽ നിന്ന് എത്തിയ സഞ്ചാരികളുടെ തിരക്കും ബഹളവും നിറഞ്ഞ തെരുവുകൾ.   പരിസര ശുചീകരണത്തി​​​െൻറയും മാലിന്യ നിർമാർജനത്തി​​​െൻറയും കാര്യത്തിൽ അവർ യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കും.പക്ഷെ എന്നെ അവിടെ വിസ്മയിപ്പിച്ചത് രണ്ട്​ കാര്യങ്ങളാണ്. 

ഒരു വികസിത രാഷ്ട്രമല്ലാതിരുന്നിട്ട് കൂടി അവിടുത്തെ മികച്ച റോഡുകളും ഫ്ലൈ ഓവറുകളും  അമ്പരപ്പിക്കുന്നതാണ്. ദേശീയപാതയിൽ താഴെ ടോൾ ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന റോഡും, സമീപത്തായി ടോൾ കൊടുത്ത് അതിവേഗം യാത്ര ചെയ്യാവുന്ന എക്സ്പ്രസ്സ് വേയും അതിനു മുകളിൽ മെട്രോക്ക് സമാനമായ റെയിൽവെ ലൈനും സ്റ്റേഷനുകളും ഉണ്ട്​. ജംഗ്ഷനുകളിൽ വിസ്മയിപ്പിക്കുന്ന ഫ്ലൈഓവറുകൾ. ഞാനപ്പോൾ ആലോചിച്ചത് നമ്മുടെ നാടിനെ കുറിച്ചാണ്. 

ഒരു നൂറ് വർഷം കൂടി കഴിഞ്ഞാലും നമ്മുടെ സർക്കാറുകൾക്ക് അത്തരം ഗതാഗത സൗകര്യം ഒരുക്കാൻ സാധിക്കില്ലെന്ന് നമുക്ക് നിസ്സംശയം പറയാം. കൊട്ടിഘോഷിച്ച് പണിത ഒരു ചെറിയ പാലാരിവട്ടം പാലമാണ് ഇന്ന് നമ്മുടെ ചർച്ചാ വിഷയം. വെറും രണ്ടു വർഷം കൊണ്ട്​ ‘കുടക്കമ്പി’ മുഴുവൻ പുറത്ത് വന്ന അത്തരം പാലം ലോക ചരിത്രത്തിൽ ആദ്യത്തേതായിരിക്കും. മറ്റൊരു പ്രത്യേകത തായ്​ലാൻറിലെ സ്ത്രീകളാണ്. നമുക്കവരെ തേനീച്ചകളോട് ഉപമിക്കാം. 

നിരന്തരം അദ്ധ്വാനിച്ചുക്കൊണ്ടിരിക്കുന്ന സമൂഹം. ബസ്​, ടാക്​സി ഡ്രൈവർമാർ ,ഹോട്ടൽ റെസ്റ്റോൻറ്​ ജീവനക്കാർ, ചെറുകിട വൻകിട കച്ചവടക്കാർ, തെരുവ് കച്ചവടക്കാർ, ടൂർ ഓപ്പറേറ്റർമാർ തുടങ്ങി കാർഗോ ലോഡിംഗ് രംഗത്ത് വരെ 90 ശതമാനവും സ്ത്രീകളാണ്.  ഇതെക്കുറിച്ച് ഞാൻ ഒരു സെയിൽസ് ഗേളിനോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി രസകരമാണ്. പുരുഷൻമാരിൽ കൂടുതൽപേർക്കും മടി കൂടുതലാണത്രെ. ചുരുക്കി പറഞ്ഞാൽ   തായ്​ലാൻറി​​​െൻറ വളർച്ചക്കും വികസനത്തിനും പിന്നിൽ അവിടുത്തെ സ്ത്രീശക്തിയാണെന്ന കാര്യത്തിൽ സംശയമില്ല.

- ബഷീർ വാണിയക്കാട്

Loading...
COMMENTS