ഭീകരസംഘടനയുമായി ബന്ധമുള്ള നിരവധി പേർ പിടിയിൽ
text_fieldsമനാമ: അൽ അശ്തർ ഭീകര ഗ്രൂപ്പിനെതിരെ നടന്ന പൊലീസ് നടപടിയിൽ നിരവധി പേർ പിടിയിലായതായി പൊതുസുരക്ഷ വിഭാഗം മേധാവി മേജർ ജനറൽ താരിഖ് ബിൻ ഹസൻ അൽഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ദ ആക്സ്’ എന്ന പേരിൽ നടത്തിയ സുരക്ഷാനടപടിയിൽ ബോംബ് നിർമാണ സാമഗ്രികളും അത്യുഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. അൽദൈറിൽ നിന്നാണ് ഇവ പിടികൂടിയത്.ഇത് പിന്നീട് നിർവീര്യമാക്കി.
ബോംബ് നിർമിക്കുന്നതിെൻറ ദൃശ്യം ചിത്രീകരിച്ച് അത് ഇറാനിലെ ഭീകരസംഘടന നേതാക്കൾക്ക് അയച്ച ശേഷം ലഭിച്ച നിർദേശമനുസരിച്ചാണ് പ്രഹരശേഷി വർധിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്തതെന്ന് ആദ്യ അന്വേഷണത്തിൽ വ്യക്തമായതായി അദ്ദേഹം പറഞ്ഞു.മേഖലയിൽ കൂടുതൽ സുരക്ഷ ഭടൻമാരെ വിന്യസിച്ചിട്ടുണ്ട്.ഫോറൻസിക് വിദഗ്ധർ എത്തി സാമ്പിളുകൾ ശേഖരിച്ചു. പബ്ലിക് പ്രൊസിക്യൂട്ടറുടെ സാന്നിധ്യത്തിലാണ് കുറ്റകൃത്യ വിഭാഗം സ്ഫോടകവസ്തുക്കൾ തരംതിരിച്ചത്. 52കിലോയോളം ടി.എൻ.ടി സ്ഫോടക വസ്തുക്കൾ,യൂറിയ നൈട്രേറ്റ്, അമോണിയം നൈട്രേറ്റ്, സ്ഫോടക വസ്തു നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ തുടങ്ങിയവ കണ്ടെടുത്തു.
ഇത് പൊട്ടിത്തെറിച്ചാൽ 600 മീറ്റർ പരിധിയിൽ ആഘാതമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിൽ മിക്ക വസ്തുക്കളും ബഹ്റൈനിൽ നിർമിച്ചവയല്ല എന്ന് കരുതുന്നു. ഇൗയിടെ രാജ്യത്ത് നടന്ന നിരവധി ആക്രമണങ്ങളിൽ പിടിയിലായ ഗ്രൂപ്പിൽ പെട്ടവർക്ക് ബന്ധമുണ്ടെന്ന് കരുതുന്നു. രണ്ട് ഭീകര സെല്ലുകളിലുള്ളവരാണ് പിടിയിലായത്. ഇതിൽ സുരക്ഷ ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടത്തിയ സംഭവത്തിൽ ശിക്ഷിക്കപ്പെട്ട അബ്ദുല്ല അബ്ദുൽ മഹ്ദി ഹസൻ അൽ അറാദി (24), ഹാനി സഉൗദ് ഹുസൈൻ അൽ മുഅമീൻ (19) എന്നിവരും ഉൾപ്പെടും. ഇൗ രണ്ടു സെല്ലിനും ഇറാനിൽ ഒളിവിൽ കഴിയുന്ന ഹുസൈൻ അലി അഹ്മദ് ദാവൂദ് എന്ന ഭീകരനുമായി ബന്ധമുള്ളതായി കരുതുന്നു. ഇവർക്ക് രാജ്യത്തെ മറ്റ് ഭീകര ഗ്രൂപ്പുകളുമായുള്ള ബന്ധം അന്വേഷിച്ചുവരികയാണ്. ഭീകരപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരം ലഭിച്ചാൽ 80008008 എന്ന ഹോട്ട്ലൈനിൽ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
