Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊഴിൽ കരാർ റദ്ദാക്കലും തൊഴിലാളിയുടെ അവകാശങ്ങളും

text_fields
bookmark_border
തൊഴിൽ കരാർ റദ്ദാക്കലും തൊഴിലാളിയുടെ അവകാശങ്ങളും
cancel

ചോദ്യം: ബഹ്റൈനിൽ ഒരു ജോലിയിൽ തുടരാൻ താൽപര്യമില്ലെങ്കിൽ തൊഴിലാളിക്ക് എപ്പോൾ വേണമെങ്കിലും കരാർ റദ്ദ് ചെയ്യാൻ സാധിക്കുമോ. അതിന് എന്തെങ്കിലും നഷ്ടപരിഹാരം നൽകേണ്ടി വരുമോ, അതോ നോട്ടീസ് പിരിയിഡ് ഇട്ട് റിസൈൻ ചെയ്യാൻ സാധിക്കുമോ? കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രശ്നങ്ങളിൽ മടുത്തിട്ടാണ് പോവുന്നത്. അതായത് തക്കതായ കാരണം ഉണ്ടായിട്ട്. അപ്പോൾ നമുക്ക് കിട്ടുന്ന നിയമ സഹായം എന്താണ്?

മറുപടി: താങ്കളുടെ തൊഴിൽ കരാറിൽ ഏതുസമയവും നോട്ടീസ് നൽകി കരാർ റദ്ദാക്കാമെന്ന് വ്യവസ്ഥയുണ്ടെങ്കിൽ നിങ്ങൾക്ക് നോട്ടീസ് നൽകി ആ കരാർ റദ്ദാക്കാവുന്നതാണ്.

എന്നാൽ, തൊഴിൽ കരാർ ഒരു നിശ്ചിത കാലത്തേക്ക് എഴുതപ്പെട്ട, എപ്പോഴും റദ്ദാക്കാമെന്ന വ്യവസ്തയില്ലാത്ത കരാറാണെങ്കിൽ നോട്ടീസ് നൽകിയാലും അത് റദ്ദ് ചെയ്യാൻ സാധിക്കുകയില്ല. പക്ഷേ, അത്തരം നിശ്ചിത കാലത്തെ കരാറുകൾ അതിന്റെ കാലാവധി അവസാനിക്കുമ്പോൾ സ്വമേധയാ അവസാനിക്കുകയും ചെയ്യും.

അതേസമയം, കാലയളവ് തീരുമാനിക്കാത്ത അനിശ്ചിത കാലയളവിലേക്കുള്ള കരാറാണെങ്കിൽ കരാറിൽ പറയുന്ന നോട്ടീസ് അല്ലെങ്കിൽ 30 ദിവസത്തെ നോട്ടീസ് നൽകി, തക്കതായ കാരണമുണ്ടെങ്കിൽ മാത്രം അത് റദ്ദാക്കാവുന്നതാണ്.

എന്നാൽ തൊഴിൽ കരാറിൽ അങ്ങനെയൊരു വ്യവസ്ഥയില്ലെങ്കിൽ, കരാർ റദ്ദാക്കാൻ താഴെ പറയുന്ന കാരണങ്ങളിൽ ഏതെങ്കിലുമൊന്ന് ഉണ്ടായിരിക്കണം

1- തൊഴിലുടമ നിയമപരമോ കരാർപരമോ ആയ ബാധ്യതകൾ പാലിക്കാതിരിക്കുകയോ ലംഘിക്കുകയോ ചെയ്യുക.

2- തൊഴിലുടമയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ തൊഴിൽ കരാറിൽ കൃത്രിമം കാണിച്ച് തൊഴിലാളിയെ ജോലിക്ക് എടുത്തതാണെങ്കിൽ. (ഇങ്ങനെ വരുമ്പോൾ, കരാർ റദ്ദാക്കൽ നോട്ടീസ് നൽകുന്നതിന് മുൻപ്, പ്രശ്നം പരിഹരിക്കാൻ തൊഴിലാളി തൊഴിലുടമയ്ക്ക് കുറഞ്ഞത് 30 ദിവസത്തെ സമയം നൽകണം. ഈ കാലയളവിനുള്ളിൽ പരിഹരിച്ചില്ലെങ്കിൽ കരാർ പ്രകാരമുള്ള നോട്ടീസ് നൽകി കരാർ റദ്ദാക്കാം).

നോട്ടീസ് നൽകാതെ കരാർ റദ്ദാക്കാൻ തൊഴിലാളിക്ക് അവകാശമുള്ള സാഹചര്യങ്ങൾ

1- തൊഴിലുടമയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ തൊഴിൽ സംബന്ധമായോ അല്ലാതെയോ, വാക്കാലോ പ്രവൃത്തിയാലോ പീഡിപ്പിക്കുകയാണെങ്കിൽ (ഇത് നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കണം).

2- തൊഴിലുടമയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ തൊഴിലാളിയോട് അധാർമികമായ രീതിയിൽ പെരുമാറുകയാണെങ്കിൽ.

തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുള്ള സാഹചര്യങ്ങൾ

വേറെ ഏതെങ്കിലും നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കാൻ തൊഴിലുടമക്ക് അർഹതയുള്ളത് കൂടാതെ തൊഴിൽ നിയമ പ്രകാരം തൊഴെ പറയുന്ന ഏതെങ്കിലും സാഹചര്യത്തിലാണ് തൊഴിലാളി തൊഴിൽ കരാർ റദ്ദു ചെയ്യുന്നതെങ്കിൽ തൊഴിലുടമക്ക് നഷ്ടപരിഹാരം അവകാശപ്പെടുവാൻ അർഹതയുണ്ട്. നഷ്ടപരിഹാരം ലഭിക്കാൻ കോടതിയിൽ കേസ് നൽകണം. കോടതിയാണ് എത്ര നഷ്ടപരിഹാരം നൽകണമെന്ന് തീരുമാനിക്കുന്നത്.

1 തൊഴിലാളി ചെയ്യുന്ന ജോലിക്ക് പകരം മറ്റൊരാളെ കണ്ടെത്താൻ തീർത്തും സാധിക്കാത്ത ഒരു നിർണായക ഘട്ടത്തിലാണ് തൊഴിലാളി കരാർ റദ്ദാക്കുന്നതെങ്കിൽ.

2 തൊഴിലുടമയ്ക്ക് മനപ്പൂർവ്വം നഷ്ടം വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് തൊഴിലാളി കരാർ റദ്ദാക്കുന്നതെങ്കിൽ.

തൊഴിൽ നിയമ പ്രകാരമോ തൊഴിൽ കരാർ പ്രകാരമോ നോട്ടിസ് നൽകിയാണ് കരാർ റദ്ദു ചെയ്തതെങ്കിൽ തൊഴിലുടമക്ക് നഷ്ടപരിഹാരം ലഭിക്കാൻ അല്ലെങ്കിൽ അവകാശപ്പെടാൻ അർഹതയില്ല.

പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം, തൊഴിൽ കരാറിൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വ്യവസ്ഥകൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. തൊഴിൽ സംബന്ധമായ എല്ലാ കാര്യങ്ങൾക്കും ആദ്യം സമീപിക്കേണ്ടത് എൽ.എം.ആർ.എയെയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Termination of Employment Contract and Workers' Rights
Next Story