ബഹ്‌റൈനിലെ ആദ്യ സൗരോർജ പ്ലാന്റിന് ടെൻഡർ ക്ഷണിച്ചു
text_fieldsമനാമ: ബഹ്‌റൈനിലെ ആദ്യത്തെ സൗരോർജനിലയം സ്ഥാപിക്കുന്നതിനുള്ള ടെൻഡർ വൈദ്യുതി, ജല അതോറിറ്റി (ഇവ) പുറത്തിറക്കി. സ്വകാര്യമേഖലയുടെ സഹകരണത്തോടെ നിർമിക്കുന്ന ഈ 150 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് ബിലാജ് അൽ ജാസയറിന് സമീപമാണ് സ്ഥാപിക്കുക. 6300 വീടുകൾക്ക് വൈദ്യുതി നൽകാനും പ്രതിവർഷം 100,000 ടണ്ണിലധികം കാർബൺ ബഹിർഗമനം കുറക്കാനും ഈ സൗരോർജ പ്ലാന്റിന് കഴിയുമെന്ന് ഇവ പ്രസിഡന്റ് കമാൽ അഹമ്മദ് അറിയിച്ചു.
ഇത് ഹരിത ഊർജത്തോടുള്ള ബഹ്‌റൈന്റെ ദീർഘകാല പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയും രാജ്യത്തിന്റെ സുസ്ഥിരതാ ലക്ഷ്യങ്ങൾക്കും ഭാവി അടിസ്ഥാന സൗകര്യവികസനത്തിനും പിന്തുണ നൽകുകയും ചെയ്യും. 1.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ കേന്ദ്രം, രാജ്യത്തെ വർധിച്ചുവരുന്ന ഊർജ ആവശ്യകതകൾ നിറവേറ്റുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കും.
2027ന്റെ മൂന്നാംപാദത്തിൽ വാണിജ്യപരമായ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് പ്രതീക്ഷിക്കുന്നത്. 2060ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞയുടെ ഭാഗമായി, പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം വിപുലീകരിക്കാനും പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കാനുമുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് കമാൽ അഹമ്മദ് കൂട്ടിച്ചേർത്തു. സുസ്ഥിര ഊർജ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും ദേശീയ ഊർജ മിശ്രിതത്തിൽ പുനരുപയോഗ ഊർജത്തിന്റെ പങ്ക് വർധിപ്പിക്കുന്നതിന് സ്വകാര്യമേഖലയുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലും ഈ പദ്ധതി ഒരു പ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനുപുറമെ, സെപ്റ്റംബറിൽ ഇവ സിത്ര ഇൻഡിപെൻഡന്റ് വാട്ടർ ആൻഡ് പവർ പ്രൊഡക്ഷൻ പ്ലാന്റിന്റെ വികസനത്തിനായി ഒരു അന്താരാഷ്ട്ര ടെൻഡർ ക്ഷണിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ശൂറാ കൗൺസിൽ അംഗം ഡോ. അലി അൽ ഹദ്ദാദിന്റെ ചോദ്യത്തിന് മറുപടിയായി വൈദ്യുതി, ജലകാര്യമന്ത്രി യാസർ ഹുമൈദാൻ പറഞ്ഞതനുസരിച്ച്, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബഹ്‌റൈന്റെ പുനരുപയോഗ ഊർജ ഉൽപാദനം 300 മെഗാവാട്ടായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

