ആശൂറ ആഘോഷങ്ങളുടെ മുന്നോടിയായി മനാമയിൽ താൽക്കാലിക ക്ലിനിക്ക് ആരംഭിച്ചു
text_fieldsഇമാം aഹുസൈൻ മെഡിക്കൽ ക്ലിനിക്ക് ഉദ്ഘാടന വേളയിൽനിന്ന്
മനാമ: ആശൂറ ആഘോഷങ്ങളുടെ മുന്നോടിയായി സുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനായി മനാമയിൽ താൽക്കാലിക മെഡിക്കൽ ക്ലിനിക്ക് തുറന്ന് ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസ്സനാണ് ഇമാം ഹുസൈൻ മെഡിക്കൽ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്. ജാഫാരി എൻഡോവ്മെന്റ് കൗൺസിൽ ചെയർമാൻ യൂസഫ് ബിൻ സാലിഹ് അൽ സാലിഹ്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സി.ഇ.ഒ എജലാൽ ഫൈസൽ അൽ അലവി, ക്യാപിറ്റൽ ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ഹസ്സൻ അബ്ദുള്ള മദനി എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ആശൂറയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ പിന്തുണയും നൽകിയതിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് മന്ത്രി നന്ദി അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ സർക്കാർ ഈ നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ കാര്യക്ഷമമായ ഇടപെടൽ നടത്തിയതായും മന്ത്രി എടുത്തുപറഞ്ഞു. ഉയർന്ന നിലവാരമുള്ളതും വേഗത്തിലുള്ളതുമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ വിവിധ ഏജൻസികൾക്കിടയിൽ നടത്തിയ നേരത്തെയുള്ള തയാറെടുപ്പുകളുടെയും ഏകോപനത്തിന്റെയും ഭാഗമായാണ് ഇമാം ഹുസൈൻ മെഡിക്കൽ ക്ലിനിക്ക് ആരംഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, മെഡിക്കൽ, നഴ്സിങ് ടീമുകളെ നവീകരിക്കുന്നതിനും, ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ക്ലിനിക്കിൽ സജ്ജമാക്കുന്നതിനും ആരോഗ്യ മേഖല നടത്തുന്ന ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. ആശൂറ ആചാരങ്ങൾ പാലിക്കുന്ന സമൂഹത്തിന് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ ബന്ധപ്പെട്ട ദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ സംരംഭം വിജയകരമാക്കുന്നതിൽ ക്ലിനിക്കിലെ ജീവനക്കാർ, ലോജിസ്റ്റിക്കൽ സപ്പോർട്ട് ടീമുകൾ, മറ്റ് പങ്കാളികൾ എന്നിവരുടെ സമർപ്പണവും സഹകരണവും നിർണായകമാണെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

