അധ്യാപകർ ജോലികളിൽ നിർമിതബുദ്ധി ഉപയോഗിക്കണം
text_fieldsമനാമ: ബഹ്റൈനിലെയും ജി.സി.സി രാജ്യങ്ങളിലെയും അധ്യാപകർ തങ്ങളുടെ ജോലികളിൽ നിർമിതബുദ്ധി (എ.ഐ) ഉപയോഗിക്കണമെന്ന ആശയവുമായി അപ്ലൈഡ് സയൻസസ് സർവകലാശാലയിലെ പ്രൊഫസർ ഓസ്നാബ്രൂക്ക് തോമസ് ഹോഫ്മാൻ. അധ്യാപകരെ മാറ്റിസ്ഥാപിക്കാനല്ല മറിച്ച് ജോലികൾ എളുപ്പമാക്കാനും വിദ്യാഭ്യാസം മെച്ചപ്പെടുത്താനുമാണ് ഈ ആശയമെന്നും അദ്ദേഹം പറഞ്ഞു.
മനാമയിലെ ഗൾഫ് കൺവെൻഷൻ സെന്ററിൽ നടന്ന അറബ് എ.ഐ ഫോറം 2025ൽ ഉന്നത വിദ്യാഭ്യാസ കൗൺസിലുമായി സഹകരിച്ച് ഗൾഫ് സർവകലാശാല സംഘടിപ്പിച്ച 'ഉന്നത വിദ്യാഭ്യാസത്തിലേക്ക് എ.ഐ സംയോജിപ്പിക്കൽ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള സർവകലാശാലകളും അധ്യാപകരും അവരുടെ അധ്യാപന, ഗവേഷണ, ഭരണ സംവിധാനങ്ങളിൽ എ.ഐ സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നതിൽ വെല്ലുവിളി നേരിടുന്നുണ്ടെന്നും സൂം വഴി യോഗത്തിൽ ഹോഫ്മാൻ പറഞ്ഞു.
സ്വതന്ത്ര ചിന്തകളെ നിരുത്സാഹപ്പെടുത്തുമെന്ന് വിശ്വസിക്കുന്നതിനാലോ തൊഴിൽ നഷ്ടപ്പെടുമെന്നുള്ള വേവലാതി കൊണ്ടോ പല അധ്യാപകരും ക്ലാസ് മുറിയിൽ എ.ഐ ഉപയോഗിക്കാൻ മടിക്കുന്നുണ്ട്. എന്നാൽ എ.ഐക്ക് ആവശ്യമായത് മനുഷ്യരുടെ യഥാർഥ ചിന്തകളെയാണ്. അതു വഴിയാണ് ഡാറ്റനിർമിക്കുന്നതും നൽകുന്നതും. എ.ഐ നൽകുന്ന ഔട്ട്പുട്ടുകൾക്ക് ഒരിക്കലും മാനുഷിക സ്പർശം നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ അധ്യാപകരെ മാറ്റിസ്ഥാപിക്കില്ല പക്ഷേ ശരിയായി ഉപയോഗിച്ചാൽ അത് ജോലികളെയും വിദ്യാർഥികളുടെ പഠനങ്ങളെയും കൂടുതൽ എളുപ്പമാക്കുകയാണ് ചെയ്യുകയെന്നും ഹോഫ്മാൻ കൂട്ടിച്ചേർത്തു. എന്നാൽ വിദ്യാർഥികൾ മടി, താൽപര്യക്കുറവ് അല്ലെങ്കിൽ വിഷയത്തെക്കുറിച്ചുള്ള ഗ്രാഹ്യക്കുറവ് എന്നിവ കൊണ്ട് എ.ഐയെ ദുരുപയോഗം ചെയ്യുന്ന പ്രവണതയെയും ഹോഫ്മാൻ സമ്മതിച്ചു. അവർക്ക് എ.ഐയെ കുറിച്ച് വ്യക്തമായ അവബോധം നൽകുകയാണ് ചെയ്യേണ്ടത്.
അതിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് പ്രചോദനം നൽകുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും എ.ഐ എങ്ങനെ ഉപയോഗിക്കാമെന്നാണ് അധ്യാപകർ വിദ്യാർഥികളെ പഠിപ്പിക്കേണ്ടത്. അധ്യാപന സഹായി എന്ന നിലയിൽ എ.ഐ എങ്ങനെ ശരിയായി ഉപയോഗിക്കാമെന്ന് അധ്യാപകരും സ്വയം പഠിക്കണം. എന്നാൽ ഗുണങ്ങളെ പോലെതന്നെ ഇതിനും ദോഷ വശങ്ങളുണ്ട്. അമിതമായി ആശ്രയിക്കുന്നത് സർഗാത്മകത നഷ്ടപ്പെടാൻ ഇടയാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. അതുകൊണ്ട് എ.ഐയെ ഒരു പകരക്കാരനായി കാണാതെ ഒരു ഉപകരണമായി മാത്രം കാണണമെന്നും ഹോഫ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

