വേരറിഞ്ഞ് നേരറിഞ്ഞ് അധ്യാപക പരിശീലനം
text_fieldsമലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററും ബഹ്റൈൻ കേരളീയസമാജം മലയാള പാഠശാലയും സംയുക്തമായി സംഘടിപ്പിച്ച അധ്യാപകപരിശീലന കളരി
മനാമ: പാഠ്യപദ്ധതിയെ കൂടുതൽ ഫലപ്രദമാക്കാനും കുട്ടികളുമായി മികച്ച ബന്ധം സ്ഥാപിക്കാനും ലക്ഷ്യമിട്ട് നാട്ടറിവുകളും നാട്ടുനന്മകളും മുൻനിർത്തി മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററും ബഹ്റൈൻ കേരളീയ സമാജം മലയാള പാഠശാലയും സംയുക്തമായി ‘വേരറിവ് നേരറിവ്’ എന്ന പേരിൽ അധ്യാപകപരിശീലന കളരി സംഘടിപ്പിച്ചു. കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്കാര ജേതാവും പ്രമുഖ നാടക-നാടൻകലാ പ്രവർത്തകനും മലയാളം മിഷൻ റിസോഴ്സ് പേഴ്സണുമായ ഉദയൻ കുണ്ടംകുഴിയാണ് ക്യാമ്പ് നയിച്ചത്. നാടൻപാട്ടുകളും നാട്ടറിവുകളും കേവലം വിനോദോപാധികൾ എന്നതിലുപരി കുട്ടികളുടെ സമഗ്രമായ വികസനത്തിന് സഹായിക്കുന്ന മികച്ച വിദ്യാഭ്യാസ ഉപാധികളാണ്. ഇവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് കുട്ടികളിൽ പഠനത്തോടുള്ള താൽപര്യം വർധിപ്പിക്കുകയും അവരെ കൂടുതൽ അറിവുള്ളവരും സാമൂഹികമായി ഇടപെടുന്നവരുമാക്കി മാറ്റുകയും ചെയ്യും എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കളരി ചിട്ടപ്പെടുത്തിയതെന്ന് ഉദയൻ കുണ്ടംകുഴി പറഞ്ഞു.
മലയാളം മിഷന്റെ സ്ഥാപകാംഗവും ആദ്യ ചെയർമാനുമായിരുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച പരിശീലനകളരിയിൽ സമാജം സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആർ. നായർ, സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ചാപ്റ്റർ കോർഡിനേറ്റർ രജിത അനി എന്നിവർ സംസാരിച്ചു. മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ വിവിധ പഠനകേന്ദ്രങ്ങളായ ബഹ്റൈൻ കേരളീയ സമാജം, ബഹ്റൈൻ പ്രതിഭ, പ്രവാസി ഗൈഡൻസ് ഫോറം, ഗുരുദേവ സോഷ്യൽ സൊസൈറ്റി, മുഹറഖ് മലയാളി സമാജം, യൂനിറ്റി ബഹ്റൈൻ തുടങ്ങിയവയിൽനിന്നുള്ള അമ്പതിൽപരം അധ്യാപകർ പരിശീലനകളരിയിൽ പങ്കെടുത്തു. ചാപ്റ്റർ സെക്രട്ടറി ബിജു എം. സതീഷ് ഏകോപനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

