പൊതു ഗതാഗതത്തിന് ഇനി ടാക്സി ബോട്ടുകളും
text_fieldsകഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത വാട്ടർ ടാക്സി
മനാമ: പൊതുഗതാഗത രംഗത്ത് പുതിയൊരേടുമായി ബഹ്റൈൻ. പൊതുജനങ്ങൾക്കിനി സുഗമമായ ഗതാഗതത്തിന് വാട്ടർ ടാക്സികളും രംഗത്തുണ്ടാകും. കഴിഞ്ഞദിവസം ബഹ്റൈൻ ബേയിൽ ഉദ്ഘാടനം ചെയ്ത വാട്ടർ ടാക്സി രാജ്യത്തെ ടൂറിസം മേഖലക്കും പൊതുഗതാഗത രംഗത്തിനും പുത്തനുണർവ് സമ്മാനിച്ചിരിക്കുകയാണ്. ടൂറിസം മന്ത്രാലയം, മുംതലകാത്, മസാർ ഗ്രൂപ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
പ്രാദേശികമായി നിർമിച്ചെടുത്ത ബോട്ടുകളെന്ന ഖ്യാതി ഈ ബോട്ടുകൾക്കുണ്ട്. പൂർണമായും എയർ കണ്ടീഷൻ ചെയ്ത ബോട്ടിൽ ഒരേ സമയം 28 പേർക്ക് യാത്ര ചെയ്യാനാകും. മനാമ, മുഹറഖ് ഏരിയകളിലായി ആറ് സ്റ്റോപ്പുകളിലാണ് നിലവിൽ സർവിസുള്ളത്. ഈസ്റ്റ് കോസ്റ്റ് കോർണിഷ്, സാദ മറീന, ദ അവന്യൂസ്-ബഹ്റൈൻ, ഫോർ സീസൺസ് ഹോട്ടൽ ബഹ്റൈൻ ബേ, ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബറിലെ ഹാർബർ ഹൗസ്, വാട്ടർ ഗാർഡൻ സിറ്റി എന്നിവയാണ് സ്റ്റോപ്പുള്ള സ്റ്റേഷനുകൾ.
മുംതലകാത്തിന്റെ ഉപസ്ഥാപനമായ എച്ച് അൽ ദഈൻ ആണ് ബോട്ടുകൾ നിർമിച്ചത്. യാത്രക്കാർക്ക് മികച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സുഖപ്രദമായ യാത്രാനുഭവം നൽകുക എന്നതാണ് വാട്ടർ ടാക്സിയുടെ പ്രധാന ലക്ഷ്യം. ലഘുഭക്ഷണ പാനീയങ്ങളും ബോട്ടിൽ ലഭ്യമാക്കും. ഇന്നലെ നടന്ന ആദ്യ യാത്രയിൽ ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി, മുംതലകാത് ചീഫ് എക്സിക്യൂട്ടിവ് ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽ ഖലീഫ, മസാർ ഗ്രൂപ് ചെയർമാൻ ഹുസൈൻ അൽ ഖസീർ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ബഹ്റൈന്റെ പൊതു ഗതാഗത രംഗത്തു മാത്രമല്ല ടൂറിസം മേഖലയിലും പുത്തനുണർവായിരിക്കും വാട്ടർ ടാക്സിയെന്നും അന്തർദേശീയ തലത്തിൽ ആകർഷകമായ ഒരു ടൂറിസം മേഖലയായി ഇതിലൂടെ ബഹ്റൈൻ വീണ്ടും വളരുമെന്നും ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു.
എങ്ങനെ ടിക്കറ്റെടുക്കാം
മസാർ ആപ്പ് വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. യാത്രാ ലക്ഷ്യസ്ഥാനം, സമയം, യാത്രക്കാരുടെ എണ്ണം എന്നിവ രേഖപ്പെടുത്താം. ബെനഫിറ്റ് പേ, ബാങ്ക് കാർഡ് ആപ്പിൾ പേ എന്നിവയിലൂടെ ടിക്കറ്റിനായുള്ള പണം നൽകാം. യാത്രക്കാർക്ക് ഒരു ദിവസം മുഴുവനായുള്ള പാസും സ്റ്റാൻഡേർഡ് സീറ്റ് അല്ലെങ്കിൽ വി.ഐ.പി സീറ്റിങ്ങും തിരഞ്ഞെടുക്കാം. ഒരു സ്റ്റേഷൻ സ്റ്റാൻഡേർഡ് ടിക്കറ്റിന് 800 ഫിൽസും വി.ഐ.പി ടിക്കറ്റിന് 1.500 ദീനാറുമാണ് നിരക്ക്. അതേസമയം, ഫുൾ ഡേ പാസിന് സ്റ്റാൻഡേർഡ് ടിക്കറ്റിന് 2.500 ദീനാറും വി.ഐ.പി ടിക്കറ്റുകൾക്ക് അഞ്ച് ദീനാറും നൽകണം. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ ഉച്ചക്ക് 12 മുതൽ അർധരാത്രിവരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് 12 മുതൽ രാത്രി 12.30 വരെയുമാണ് സർവിസുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

