സൗരോർജ ഉപകരണങ്ങളുടെ നികുതിയിളവ്; ശൂറാ കൗൺസിലിൽ തർക്കം
text_fieldsമനാമ: പുനരുപയോഗ ഊർജ ഉപകരണങ്ങൾക്ക് കസ്റ്റംസ് തീരുവ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട ഭേദഗതി നിയമത്തിൽ ശൂറാ കൗൺസിലിൽ ഞായറാഴ്ച നിർണായക ചർച്ച നടക്കും. നിക്ഷേപം ആകർഷിക്കാൻ നികുതിയിളവ് അനിവാര്യമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ഇത് രാജ്യത്തിന്റെ പൊതുവരുമാനത്തെ ബാധിക്കുമെന്ന് ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റി മുന്നറിയിപ്പ് നൽകുന്നു.
ശുദ്ധമായ ഊർജ മേഖലയിൽ നിക്ഷേപം വർധിപ്പിക്കാനും ദേശീയ വൈദ്യുതി ഗ്രിഡിന്മേലുള്ള സമ്മർദം കുറക്കാനും നികുതിയിളവ് സഹായിക്കുമെന്ന് പദ്ധതിയെ പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി തയാറാക്കിയ കരട് നിയമം, സോളാർ, കാറ്റ്, ജിയോതെർമൽ, ബയോഗ്യാസ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളെയും സ്പെയർ പാർട്സിനെയും നികുതിയിൽനിന്ന് ഒഴിവാക്കാൻ ശിപാർശ ചെയ്യുന്നു.
തലാൽ അൽ മന്നായ്, ദലാൽ അൽ സായിദ് തുടങ്ങി അഞ്ച് കൗൺസിൽ അംഗങ്ങൾ ചേർന്നാണ് ഇതിനായുള്ള റിപ്പോർട്ട് സമർപ്പിച്ചത്.നിലവിലുള്ള നിയമത്തിലെ ആർട്ടിക്ൾ 1, ആർട്ടിക്ൾ 13 എന്നിവയിൽ ഭേദഗതികൾ വരുത്താനാണ് നിർദേശം.
ഇതിലൂടെ പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ നിർവചനം പരിഷ്കരിക്കുകയും നികുതിയിളവ് നൽകുന്നതിനുള്ള വ്യവസ്ഥകൾ നിശ്ചയിക്കാൻ ബന്ധപ്പെട്ട മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

