മുരിങ്ങക്കായ് വിളവെടുപ്പിൽ നൂറുമേനി കൊയ്ത് തസ്നീം ഫസൽ
text_fieldsവിളവെടുത്ത മുരിങ്ങക്കായ്ക്കൊപ്പം തസ്നീം ഫസലും മകൾ ആയിഷയും
മനാമ: വീട്ടമ്മമാരായ സ്ത്രീകൾക്ക് പ്രവാസജീവിതം വിരസമായിരിക്കും. എന്നാൽ, ഉപകാരപ്രദമായ രീതിയിൽ സമയം ചെലവഴിച്ച് വിരസത അകറ്റുന്ന നിരവധിപേരുണ്ട്. പച്ചക്കറി കൃഷിയും ചിത്രരചനയും തുന്നൽവേലയുമെല്ലാം ഇതിനുള്ള മാർഗങ്ങളാണ്.
വീട്ടുമുറ്റത്തെ കൃഷിയിലൂടെ പ്രവാസി വനിതകൾക്ക് മാതൃകയാവുകയാണ് കണ്ണൂർ പയ്യാമ്പലം സ്വദേശി തസ്നീം ഫസൽ. പടർന്നുപന്തലിച്ച രണ്ട് മുരിങ്ങയിലെ വിളവെടുപ്പിന്റെ സന്തോഷത്തിലാണ് ഇവരിപ്പോൾ. ഏകദേശം 250 കിലോയിലധികം മുരിങ്ങക്കായാണ് ഇത്തവണ ലഭിച്ചത്. സാധാരണ ബഹ്റൈനിലെ മുരിങ്ങക്കായ്ക്ക് അൽപം ചവർപ്പ് കൂടുതലായിരിക്കും.
പക്ഷേ, ഇത് വളരെ സ്വാദിഷ്ടവും ചവർപ്പില്ലാത്തതുമാണെന്ന് തസ്‌നീം പറഞ്ഞു. മുൻകാലങ്ങളിൽ ലഭിച്ചതിനേക്കാൾ കൂടുതൽ മുരിങ്ങക്കായ് ഇത്തവണ ലഭിച്ചെന്ന് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖിന്റെ ഭാര്യ കൂടിയായ തസ്നീം പറഞ്ഞു.
വിപണിയിൽ കിലോക്ക് ഒരുദീനാറിലധികം വിലയുണ്ടെങ്കിലും വിൽപനക്ക് ഇവർ തയാറല്ല. വിളവെടുത്ത മുരിങ്ങക്കായ് മുഴുവൻ പരിചയക്കാർക്ക് സൗജന്യമായി നൽകുകയാണ് ചെയ്യുക. പ്രത്യേകം പാക്ക് ചെയ്ത് സുഹൃത്തുക്കൾക്ക് എത്തിച്ചുനൽകും. ഏറെ പോഷക ഗുണമുള്ള മുരിങ്ങക്കായ ഉപയോഗിച്ച് അവിയൽ, സാമ്പാർ, ഡ്രൈ ഫ്രൈ, ബിരിയാണി തുടങ്ങിയ വിഭവങ്ങളും ഇവർ ഉണ്ടാക്കാറുണ്ട്. വിളവെടുപ്പിനും പാക്ക് ചെയ്യാനും സഹായിക്കാൻ മകൾ ആയിഷയും കൂടെയുണ്ട്.
ഇടക്ക് വെള്ളം ഒഴിച്ച് കൊടുക്കുന്നതല്ലാതെ മറ്റ് പരിചണമൊന്നും മുരിങ്ങക്ക് നൽകാറില്ലെന്ന് തസ്നീം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.