ഒരു ബില്യൺ ഡോളറിന്റെ മയക്കുമരുന്ന് വേട്ട നടത്തി ടാസ്ക്ഫോഴ്സ്
text_fieldsമനാമ: അറബിക്കടലിൽ ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംയുക്ത നാവിക ടാസ്ക്ഫോഴ്സ് ഒരു ബില്യൺ ഡോളർ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള കംബൈൻഡ് ടാസ്ക്ഫോഴ്സ് 150നെ പിന്തുണച്ച് പ്രവർത്തിച്ച പാകിസ്താൻ നാവികസേനയുടെ കപ്പലായ പി.എൻ.എസ് യർമൂഖ് ആണ് ഈ വൻ ഓപറേഷൻ വിജയകരമാക്കിയത്.
47 രാജ്യങ്ങൾ പങ്കുചേരുന്ന കംബൈൻഡ് മാരിടൈം ഫോഴ്സസിന്റെ ഭാഗമായ ടാസ്ക്ഫോഴ്സ് 150ന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്നാണിത്. കണ്ടെത്തിയ ആദ്യ കപ്പലിൽ നടത്തിയ പരിശോധനയിൽ 822.4 ദശലക്ഷം ഡോളർ വിലമതിക്കുന്ന രണ്ട് ടണ്ണിലധികം ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തു. തുടർന്ന് 48 മണിക്കൂറിനുള്ളിൽ കണ്ടെത്തിയ രണ്ടാമത്തെ കപ്പലിൽനിന്ന് 140 ദശലക്ഷം ഡോളർ വിലമതിക്കുന്ന 350 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ, 10 ദശലക്ഷം ഡോളർ വിലമതിക്കുന്ന 50 കിലോ കൊക്കെയ്ൻ എന്നിവയും പിടിച്ചെടുത്തു.
ഇരു കപ്പലുകൾക്കും ദേശീയത തെളിയിക്കുന്ന രേഖകളുണ്ടായിരുന്നില്ല. പിടിച്ചെടുത്ത മയക്കുമരുന്നുകൾ കപ്പലിലേക്ക് മാറ്റി പരിശോധനകൾക്ക് ശേഷം നശിപ്പിച്ചു. ഒക്ടോബർ 16ന് ആരംഭിച്ച 'ഓപറേഷൻ അൽ മസക്' എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് ഈ മയക്കുമരുന്ന് വേട്ട. സൗദി അറേബ്യ, പാകിസ്താൻ, ഫ്രഞ്ച്, സ്പാനിഷ്, യു.എസ് നാവികസേന കപ്പലുകൾ ഏകോപിപ്പിച്ചാണ് ഈ ദൗത്യം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

