യുദ്ധം മൂലം പ്രതിസന്ധിയിലായ ചെറുകിട ബിസിനസുകളെ സഹായിക്കാൻ ‘പിന്തുണ’ പദ്ധതിയുമായി തംകീൻ
text_fieldsമനാമ: പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിനായി ‘മുസാനദ’ (പിന്തുണ) പദ്ധതിക്ക് തുടക്കം കുറിച്ച് ലേബർ ഫണ്ട് ‘തംകീൻ’. ബഹ്‌റൈൻ ചേംബർ ചെറിയ-ഇടത്തരം സംരംഭ വിഭാഗം ഡയറക്ടർ ഇസ മുറാദും തംകീൻ പബ്ലിക് അഫയേഴ്‌സ് ഡയറക്ടർ അഹമ്മദ് ജനാഹിയും ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ബിസിനസുകളുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരുന്നതിനും ബഹ്‌റൈൻ പൗരന്മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഇസ മുറാദ്, അഹമ്മദ് ജനാഹി
മൂന്ന് വ്യത്യസ്ത സഹായ മാർഗ്ഗങ്ങളാണ് ഇതിനായി ആവിഷ്കരിച്ചിരിക്കുന്നത്. ട്രാക്ക് 1 വഴി അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കുന്നതിനും വാടക, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങിയ നിശ്ചിത ചെലവുകൾക്കുമുള്ള ധനസഹായം ലഭ്യമാക്കും. ട്രാക്ക് 2 വഴി കമ്പനിയുടെ വലുപ്പത്തിനനുസരിച്ചുള്ള പ്രവർത്തന ഗ്രാന്റുകൾ മൂന്ന് മാസം വരെ നൽകും; എന്നാൽ ഇത് ലഭിക്കണമെങ്കിൽ ബഹ്‌റൈൻ പൗരന്മാരായ ജീവനക്കാരെ നിലനിർത്തുന്നത് നിർബന്ധമാണ്. ട്രാക്ക് 3 വഴി വർക്കിംഗ് ക്യാപിറ്റൽ ലോണുകൾക്ക് 100 ശതമാനം ലാഭ സബ്‌സിഡി നൽകുന്നു, ഇതിൽ 12 മാസത്തെ ഗ്രേസ് പിരീഡും മൂന്ന് വർഷം വരെ തിരിച്ചടവ് കാലാവധിയും ഉൾപ്പെടുന്നു.
പദ്ധതി പ്രകാരം സഹായം ലഭിക്കുന്നതിന് അപേക്ഷകർക്ക് ചില യോഗ്യതകൾ ഉണ്ടായിരിക്കണം. സർക്കാർ ഉടമസ്ഥത 50 ശതമാനത്തിൽ താഴെയുള്ള സ്വകാര്യ സംരംഭങ്ങൾ ആയിരിക്കണം, കൂടാതെ 2026 മാർച്ചിന് മുമ്പ് രജിസ്റ്റർ ചെയ്ത സജീവമായ കൊമേഴ്സ്യൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ബിസിനസ്സിന് ഓഫീസ് ഉണ്ടായിരിക്കണം, വരുമാനത്തിൽ കുറവുണ്ടായതായി തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം, കൂടാതെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നിവയിൽ നിയമലംഘനങ്ങളില്ലാത്ത സ്ഥാപനമായിരിക്കണം.
മൂന്ന് മാസത്തെ കർശനമായ അപേക്ഷാ സമയപരിധിയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. പ്രാദേശിക തൊഴിൽ ശക്തിയെ സംരക്ഷിക്കുകയും പ്രതിസന്ധി ഘട്ടത്തിൽ സംരംഭങ്ങൾക്ക് ആവശ്യമായ പണലഭ്യത ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് തംകീന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

