പ്രൗഢമായ ചടങ്ങിൽ ‘ടാലൻറ്സെർച്ച്’ അവാർഡ് വിതരണം ചെയ്തു
text_fieldsമനാമ: പി.എം ഫൗണ്ടേഷൻ ‘ഗൾഫ് മാധ്യമ’വുമായി ചേർന്ന് ഗൾഫ് രാജ്യങ്ങളിൽ നടത്തിയ ‘ടാലൻറ്സെർച്ച്’ പരീക്ഷയിൽ ബഹ്റൈനിൽ നിന്ന് പരീക്ഷ എഴുതി വിജയിച്ച വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റ് വിതരണവും അൽമാസ് ഹോട്ടൽ ഹാളിൽ നടന്നു. പ്രൗഢമായ ചടങ്ങ് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉദ്ഘാടനം ചെയ്തു. നാളെയുടെ പ്രതീക്ഷകളെ വാർത്തെടുക്കാനും രൂപപ്പെടുത്താനും ‘ഗൾഫ് മാധ്യമം’ നേതൃത്വം നൽകുന്ന ഇത്തരം മത്സരവേദികൾ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് വിദ്യാർഥികൾക്ക് പ്രിൻസ് നടരാജൻ സർട്ടിഫിക്കറ്റുകളും ക്യാഷ് പ്രൈസും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
നേട്ടങ്ങൾക്കൊപ്പം സമൂഹത്തിെൻറ ചലനങ്ങളെ സസൂക്ഷ്മം വിലയിരുത്തുകയും കൂടുതൽ ഉയരങ്ങളിലെത്താനുള്ള ഗൃഹപാഠം ചെയ്തും നൻമക്കൊപ്പം ചേർന്ന് പോകാനുമാണ് യുവതലമുറ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം എന്നത് കേവലമൊരു പഠന പ്രകൃയയായി മാത്രം കാണാതെ സമഗ്ര ജീവിതത്തിെൻറ അടിത്തറ നിർമ്മിക്കാനുള്ള യഞ്ജമായി കാണണമെന്നും അത് മഹത്തായ ഒരു മുന്നേറ്റത്തിലേക്ക് വിദ്യാർഥികളെ നയിക്കുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ‘ഗൾഫ് മാധ്യമം’ ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ പറഞ്ഞു.
ചടങ്ങിൽ ‘ഗൾഫ് മാധ്യമം’ യൂനിറ്റ് മാനേജർ ഇൻ ചാർജ് അബ്ദുൽ ജലീൽ സ്വാഗതവും ബ്യൂറോ ഇൻ ചാർജ് ഷമീർ മുഹമ്മദ് നന്ദിയും പറഞ്ഞു. ഫാതിമ ഹനാൻ (ന്യൂ മില്ലേനിയം സ്കൂൾ), ഹർഷിനി കാർത്തികേയൻ (ഇന്ത്യൻ സ്കൂൾ), നഇൗമ മുഹമ്മദ് (ഏഷ്യൻ സ്കൂൾ), പ്രസന്ന വെങ്കിടേഷ് (ന്യൂ ഇന്ത്യൻ സ്കൂൾ), രോഹിത് സത്യൻ (ഇന്ത്യൻ സ്കൂൾ), അഖീൽ നാസിം (ഇബ്നു ഹൈതം സ്കൂൾ), ഡോണ മരിയ ജോൺസൺ (ന്യൂ മില്ലേനിയം സ്കൂൾ) എന്നിവരാണ് പരീക്ഷയിൽ വിജയികളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
