ഇന്ത്യൻ സംഗീത പാരമ്പര്യം പുതുതലമുറയിലേക്ക് പകരണം -കുഴൽമന്ദം രാമകൃഷ്ണൻ
text_fieldsദിവ്യ ഗോപകുമാറിന്റെ 17 ശിഷ്യരുടെ ശാസ്ത്രീയ സംഗീത അരങ്ങേറ്റ പരിപാടി ഡോ.കുഴൽമന്ദം
രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഇന്ത്യൻ ശാസ്ത്രീയ സംഗീത പാരമ്പര്യം ഇനിയും കൂടുതൽ പുതുതലമുറയിലേക്ക് പകരേണ്ടതുണ്ടെന്നും, അതുവഴി കലാഹൃദയങ്ങളിലൂടെ സ്നേഹം പടർത്തണമെന്നും പ്രശസ്ത മൃദംഗവിദ്വാനും ചിത്രകാരനുമായ ഡോ.കുഴൽമന്ദം രാമകൃഷ്ണൻ പറഞ്ഞു. ബഹ്റൈനിലെ പ്രശസ്ത സംഗീത അധ്യാപിക ദിവ്യ ഗോപകുമാറിന്റെ 17 ശിഷ്യരുടെ ശാസ്ത്രീയ സംഗീത അരങ്ങേറ്റ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൃദംഗ വായനയിൽ ലഭിച്ച ഗിന്നസ് വേൾഡ് റെക്കോഡോ 40 വർഷത്തെ കലാസപര്യയിൽ നിന്നും ലഭിച്ച പ്രശസ്തിയോ, കുട്ടികൾക്ക് പിന്നണി വായിക്കാൻ തനിക്ക് തടസ്സമാകാത്തത്, പുതുതലമുറയോടുള്ള സ്നേഹ-വിശ്വാസങ്ങൾ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ വിശിഷ്ടാതിഥി ആയിരുന്നു.ആയിരക്കണക്കിന് ശിഷ്യസമ്പത്തിന് ഇതിനകം തന്നെ ഉടമയായ കർണാടക സംഗീതാധ്യാപിക ദിവ്യ ഗോപകുമാറിൽനിന്നും വർഷങ്ങളായി സംഗീതം അഭ്യസിച്ചുവരുന്ന 17 സംഗീത പഠിതാക്കളുടെ അരങ്ങേറ്റ പരിപാടി ആയിരുന്നു രാഗാമൃതം. ‘രാഗാമൃതം’ കൺവീനർ പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥിക്കും വിശിഷ്ടാതിഥിക്കുമൊപ്പം ഗുരു ദിവ്യ ഗോപകുമാർ, പക്കമേള കലാകാരന്മാരായ കെ.ബി. ജയകുമാർ (വയലിൻ), കെ.കെ സജീവ് (ഘടം), ശ്രീഹരി (ഇടക്ക) എന്നിവരും പങ്കെടുത്തു.
മുഖ്യാതിഥിയും മൃദംഗത്തിൽ പിന്നണി വായിക്കുകയും ചെയ്ത, നിരവധി ലോക റെക്കോഡുകൾക്കുടമയുമായ കുഴൽമന്ദം രാമകൃഷ്ണനെയും ഗുരു ദിവ്യ ഗോപകുമാറിനെയും പൊന്നാടയും മെമന്റോയും നൽകി ചടങ്ങിൽ ആദരിച്ചു. തുടർന്ന് ശാസ്ത്രീയ സംഗീതക്കച്ചേരി നടന്നു. അതുൽകൃഷ്ണ തനിയാവർത്തന സെഷൻ പരിപാടി നയിച്ചു. ജോസ് ഫ്രാൻസിസ് ശബ്ദനിയന്ത്രണവും പ്രജിഷ ആനന്ദ് പരിപാടികളുടെ നിയന്ത്രണവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

