Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅനുവാദമില്ലാതെ ...

അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയും എടുത്താൽ പണി കിട്ടും

text_fields
bookmark_border
അനുവാദമില്ലാതെ  ഫോട്ടോയും വീഡിയോയും എടുത്താൽ പണി കിട്ടും
cancel

മനാമ: വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ ഫോട്ടോയും വീഡിയോയും എടുക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി ബഹ്‌റൈൻ പൊലീസ്. ഇത്തരം പ്രവർത്തികൾ സ്വകാര്യത നിയമങ്ങളുടെ ലംഘനമാണെന്നും നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

സ്മാർട്ട്‌ഫോണുകളുടെ ഉപയോഗം വർദ്ധിച്ചതോടെ ദൃശ്യങ്ങൾ പകർത്താനും പ്രചരിപ്പിക്കാനും എളുപ്പമായ സാഹചര്യത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ. ബന്ധപ്പെട്ടവരുടെ വ്യക്തമായ അനുമതിയോടെ മാത്രമേ ദൃശ്യങ്ങൾ പകർത്താനും പങ്കുവെക്കാനും പാടുള്ളൂവെന്ന് ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ പറഞ്ഞു. സ്വന്തം ചിത്രങ്ങൾക്ക് മേൽ എല്ലാവർക്കും അവകാശമുണ്ടെന്നും അനുവാദമില്ലാതെ ആർക്കും മറ്റൊരാളുടെ ദൃശ്യങ്ങൾ പകർത്താനോ പ്രസിദ്ധീകരിക്കാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങൾ പകർത്താൻ സമ്മതിക്കുന്നത് അത് പ്രസിദ്ധീകരിക്കാനുള്ള അനുമതിയല്ലെന്നും ഇവ രണ്ടും വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നത് ബഹ്‌റൈൻ നിയമപ്രകാരം കുറ്റകരമാണ്. അനുവാദമില്ലാതെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നതും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നതും നിയമവിരുദ്ധമാണ്. സ്വകാര്യ ഇടങ്ങളിൽ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുക, രഹസ്യമായി സംഭാഷണങ്ങൾ ചോർത്തുക, അപകടത്തിൽപ്പെട്ടവരുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുക എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും. ഇത്തരം കേസുകളിൽ അഞ്ച് വർഷം വരെ തടവും 5,000 ദിനാർ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള കൃത്രിമങ്ങൾക്കും ഈ നിയമങ്ങൾ ബാധകമാണെന്ന് കേണൽ ഡോ. ബഹാർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിശദീകരണങ്ങൾക്കും പൊതുജനങ്ങൾക്ക് പോലീസ് മീഡിയ ഡയറക്ടറേറ്റിനെ 17390900 എന്ന നമ്പറിലോ ഇതേ നമ്പറിലെ വാട്ട്സ്ആപ്പിലോ ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Taking photos and videos without permission will get you fired
Next Story