ടി20 പരമ്പര; ആദ്യ മത്സരത്തിൽ ബഹ്റൈനെ തകർത്ത് ഖത്തർ
text_fieldsബഹ്റൈൻ ഖത്തർ ടി20 മത്സരത്തിൽനിന്ന്
മനാമ: ബഹ്റൈനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഖത്തറിന് ആധികാരിക ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബഹ്റൈനെ നിശ്ചിത 20 ഓവറിൽ 113 റൺസിൽ തളച്ചിട്ട ഖത്തർ, 16.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. 4 ഓവറിൽ വെറും 12 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുകൾ വീഴ്ത്തിയ ഖത്തർ ബൗളർ മുനീറാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ബഹ്റൈന്റെ തുടക്കംതന്നെ തകർച്ചയോടെയായിരുന്നു. പവർപ്ലേയിൽ വെറും 9 റൺസ് എടുക്കുന്നതിനിടെ അവർക്ക് 3 വിക്കറ്റുകൾ നഷ്ടമായി. ആദ്യ ഓവറിലെ രണ്ട് വിക്കറ്റുകൾ ഉൾപ്പെടെ നാല് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ മുനീറാണ് ബഹ്റൈന്റെ നടുവൊടിച്ചത്. ആസിഫ്, പ്രശാന്ത് കുറുപ്പ്, ഫയാസ്, മുഹമ്മദ് റിസ്വാൻ എന്നിവരാണ് മുനീറിന്റെ ഇരകളായത്.
ബഹ്റൈൻ നിരയിൽ അഹ്മർ (56 പന്തിൽ പുറത്താകാതെ 68) നടത്തിയ പോരാട്ടം മാത്രമാണ് ടീമിനെ നൂറ് കടത്തിയത്. സൊഹൈൽ, യാസർ എന്നിവർ 15 റൺസ് വീതം നേടി. ഖത്തറിനായി അസിം രണ്ട് വിക്കറ്റും മിർസ ബായെഗ് ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഖത്തറിന് ആദ്യ ഓവറിൽ തന്നെ അലിയെ (0) നഷ്ടമായെങ്കിലും അർഷാദും (54) ഗല്ലെ ലിയാനഗെയും (37) ചേർന്നുള്ള 79 റൺസിന്റെ കൂട്ടുകെട്ട് വിജയം ഉറപ്പാക്കി. ലിയാനഗെ പുറത്തായ ശേഷം മിർസ ബായെഗ് (21*) അർഷാദിനൊപ്പം ചേർന്ന് ഖത്തറിനെ വിജയതീരത്തെത്തിച്ചു.
ബഹ്റൈനായി അലി, മുഹമ്മദ് റിസ്വാൻ, ഇമ്രാൻ ജാവേദ് എന്നിവർ ഓരോ വിക്കറ്റ് വീതംവീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വൈകീട്ട് നാലിന് നടക്കും. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം 'ക്രിക്കറ്റ് ബഹ്റൈൻ' സോഷ്യൽ മീഡിയ പേജുകളിലൂടെ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

