ഖുർആൻ ഓത്തിന്റെ മധുരമുള്ള ഓർമകൾ
text_fieldsചെറുപ്പത്തിലെ റമദാൻ സ്മരണകൾ ചികയുമ്പോൾ മനസ്സിൽ ആദ്യം തെളിയുന്ന കാര്യങ്ങളിലൊന്ന് മദ്റസയിലെ ഖുർആൻ ക്ലാസ്സുകളാണ്. നോമ്പ് മൂന്ന് കഴിഞ്ഞാൽ പിന്നെ മദ്റസയിൽ ഖുർആൻ പാരായണവും പരിശീലനവും മാത്രമാകും നടക്കുക. മറ്റു പാഠപുസ്തകങ്ങളെല്ലാം ആ ദിവസങ്ങളിൽ വിശ്രമത്തിലായിരിക്കും. മൂന്നും നാലും മണിക്കൂർ നീളുന്ന ആ ക്ലാസ്സുകളിൽ ഉസ്താദ് മനോഹരമായ ഈണത്തിൽ ഖുർആൻ ഓതിക്കേൾപ്പിക്കും. അത് കേട്ടിരിക്കാൻ തന്നെ പ്രത്യേകമായൊരു സുഖമുണ്ടായിരുന്നു. പിന്നീട് ഓരോ വിദ്യാർഥിയും പാരായണം ചെയ്യും. പാരായണത്തിലെ തെറ്റുകളും കുറവുകളും ഉസ്താദ് അപ്പപ്പോൾ തന്നെ തിരുത്തിത്തരും. ഖുർആൻ പാരായണ നിയമങ്ങളായ 'തജ്വീദ്' പാഠങ്ങൾ പ്രാധാന്യത്തോടെ ഉസ്താദ് ഉണർത്തും.
മദ്റസയിലേക്ക് പോകുമ്പോൾ മിക്ക ദിവസങ്ങളിലും ഉമ്മ പത്തു രൂപ കൈയിൽ തരും, പോത്തിറച്ചി വാങ്ങാൻ. അന്ന് ഒരു കിലോ ഇറച്ചിക്ക് നാൽപ്പത് രൂപയായിരുന്നു വില. പത്തു രൂപക്ക് കിട്ടുന്ന കാൽക്കിലോ ഇറച്ചി മതിയായിരുന്നു നോമ്പ് തുറക്കുമ്പോൾ പത്തിരിക്കൊപ്പം കറി വെക്കാൻ. നോമ്പുതുറ കഴിഞ്ഞാൽ പിന്നെയും നാടും വീടും പള്ളിയുമെല്ലാം ഖുർആൻ പാരായണത്താൽ സജീവമാകും. പള്ളിയിൽ ചെന്നാൽ പ്രായമായവർ മുസ്ഹഫിൽ (ഖുർആൻ പ്രതി) നോക്കി താഴ്ന്ന സ്വരത്തിൽ ഓതുന്നത് കാണാം. വീടുകളിൽ ഉപ്പമാരും ഉമ്മമാരും പുലർച്ച തന്നെ ഓതിത്തുടങ്ങും. റമദാൻ അവസാനിക്കും മുമ്പ് ഖുർആൻ മുഴുവനായി ഓതിത്തീർക്കുന്ന (ഖത്മ്) കുട്ടികൾക്ക് വീട്ടുകാർ പ്രത്യേക സമ്മാനങ്ങളൊക്കെ നൽകുമായിരുന്നു.
യഥാർഥത്തിൽ, വിശുദ്ധ ഖുർആനിനെ ആഘോഷപൂർവം നെഞ്ചേറ്റുന്ന മാസമാണ് റമദാൻ. ഖുർആൻ അവതരിക്കപ്പെട്ട മാസം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. പതിനഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് ഹിറാ ഗുഹയിൽ ധ്യാനനിമഗ്നനായിരുന്ന പ്രവാചകർക്ക് മലക്ക് ജിബ്രീൽ (അ) ഓതിക്കൊടുത്ത ആ ദിവ്യവചനങ്ങൾ ഇന്നും ലോകമെമ്പാടും മുഴങ്ങിക്കൊണ്ടിരിക്കുന്നു. ചരിത്രം, ശാസ്ത്രം, സാഹിത്യം തുടങ്ങിയ മുഴുവൻ വൈജ്ഞാനിക മേഖലകളിലേക്കെല്ലാം വെളിച്ചം വീശുന്ന ഈ ഗ്രന്ഥം ആത്യന്തികമായി ലക്ഷ്യം വെക്കുന്നത് മനുഷ്യന്റെ വിജയമാണ്. അതുകൊണ്ട് തന്നെ ഖുർആനിന്റെ കേന്ദ്ര പ്രമേയം മനുഷ്യൻ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

