സുവർണം 2025 : മെഗാ മ്യൂസിക്കൽ ഇവന്റ് ഒരുക്കം പൂർത്തിയായതായി സംഘാടകർ
text_fieldsമനാമ : പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ - ബഹ്റൈൻ ബി.എം.സിയുടെ സഹകരണത്തോടെ മേയ് ഒന്നിന് വൈകീട്ട് ആറു മുതൽ 11 വരെ സൽമാബാദ് ഗൾഫ് എയർ ക്ലബിൽവെച്ച് നടത്തുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് സുവർണം 2025 ന്റെ ഒരുക്കം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ (പാപ്പ) ബഹ്റൈനിലെ പ്രവാസികളുടെയും കുടുംബങ്ങളുടെയും കൂട്ടായ്മയിൽ ഒരുക്കുന്ന, ഹൃദയസ്പർശിയായ മെഗാ മ്യൂസിക്കൽ ഈവന്റാണ് സുവർണം-2025. യൂനികോൺ ഇവന്റ് മാനേജ്മെന്റ് കമ്പനി ടൈറ്റിൽ സ്പോൺസറായി പാപ്പക്ക് പിന്തുണ നൽകുന്നു.
പരിപാടിയുടെ ഭാഗമായി പ്രമുഖ പിന്നണിഗായിക രഞ്ജിനി ജോസ്, ഭാഗ്യരാജ് ആൻഡ് ബാൻഡ് ടീം ബുധനാഴ്ച ബഹ്റൈനിൽ എത്തിച്ചേരും. കൂടാതെ, വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാറും ബുധനാഴ്ച ബഹ്റൈനിൽ എത്തിച്ചേരും. സുവർണം 2025 എന്ന മഹത്തായ പദ്ധതിയുടെ ഭാഗമായി, ബഹ്റൈനിൽ താമസിക്കുന്ന പത്തനംതിട്ട ജില്ലയിലുള്ള ഒരു പ്രവാസിക്ക്, അസോസിയേഷൻ തന്റെ സ്വന്തം നാട്ടിൽ - സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് - ഒരു മനോഹരമായ സ്വപ്നഭവനം നിർമിച്ച് സമ്മാനിക്കുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്.

