സൂരജ് ലാമയുടെ തിരോധാനം; അന്വേഷണം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ
text_fieldsമനാമ: കുവൈത്തിൽനിന്ന് ഡീപോർട് ചെയ്യപ്പെട്ട സൂരജ് ലാമയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. കർണാടക സ്വദേശിയായ സൂരജ് ലാമയെ കൊച്ചി വിമാനത്താവളത്തിൽ വന്നതിനുശേഷം കാണാതാവുകയായിരുന്നു.
മറവിരോഗവും മറ്റുമുള്ള സൂരജ് ലാമ കുവൈത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും രോഗാധിക്യത്തെ തുടർന്ന് വിസ പുതുക്കാത്ത സാഹചര്യത്തിലാണ് ഡീപോർട് ചെയ്യപ്പെട്ടത് എന്നുമാണ് കരുതപ്പെടുന്നത്.
രാഗാതുരനായ, മറവിരോഗമുള്ള വ്യക്തിയെ ഡീപോർട് ചെയ്തപ്പോൾ വീട്ടുകാരെ അറിയിച്ചില്ല. ബംഗളൂരുവിലിലേക്ക് വിടുന്നതിന് പകരം കൊച്ചിയിലേക്കാണ് സൂരജ് ലാമയെ വിട്ടത്. കൊച്ചി പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ ആളെ കണ്ടെത്തിയിട്ടില്ല.
ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം അന്വേഷിക്കണമെന്നും ഏതു സാഹചര്യത്തിലാണ് മറവിരോഗവും മറ്റ് അസുഖവുമുള്ള വ്യക്തിയെ വീട്ടുകാരെ ആരെയും അറിയിക്കാതെ ബംഗളൂരുവിനു പകരം കൊച്ചിയിലേക്ക് വിട്ടത് തുടങ്ങിയ കാര്യങ്ങൾ കാണിച്ചുകൊണ്ടാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. കൂടാതെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി വിദേശത്തുള്ള എല്ലാ ഇന്ത്യൻ എംബസികൾക്കും മാർഗനിർദേശം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പത്രക്കുറിപ്പിൽ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

