കാലാവധി കഴിഞ്ഞ ക്ലീനിങ് ഉൽപ്പന്നങ്ങളുടെ തീയതി തിരുത്തി സൂപ്പർമാർക്കറ്റ് ജീവനക്കാരൻ
text_fieldsമനാമ: സൂപ്പർമാർക്കറ്റിലെ ശുചീകരണ ഉൽപ്പന്നങ്ങളുടെ കാലാവധി കഴിഞ്ഞ തീയതി മായ്ച്ചു കളയുകയും തിരുത്തുകയും ചെയ്ത കേസിൽ ജീവനക്കാരൻ ക്രിമിനൽ വിചാരണ നേരിടും. ശമ്പളത്തിൽ നിന്ന് പണം പിടിക്കപ്പെടുമെന്ന ഭയത്താലാണ് ഇയാൾ ഈ കൃത്രിമം കാണിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഈ പ്രവൃത്തിക്ക് കൂട്ടുനിൽക്കുകയും സഹായിക്കുകയും ചെയ്ത, ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനിയുടെ പ്രതിനിധിയായ മറ്റൊരു വ്യക്തിയും പ്രതിപ്പട്ടികയിലുണ്ട്. സൂപ്പർമാർക്കറ്റിൽ നിന്നുതന്നെയാണ് ഔദ്യോഗികമായി പബ്ലിക് പ്രോസിക്യൂഷന് വിവരം ലഭിച്ചത്. രണ്ട് പ്രതികളും ചേർന്ന് കൃത്രിമം കാണിക്കുന്ന ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന സി.സി.ടി.വി ദൃശ്യങ്ങൾ സൂപ്പർമാർക്കറ്റ് അധികൃതർ കൈമാറുകയും ചെയ്തിട്ടുണ്ട്.
ഉൽപ്പന്നങ്ങളുടെ കാലാവധി അവസാനിക്കുന്നതിന് കുറഞ്ഞത് 45 ദിവസം മുമ്പെങ്കിലും അവ ഷെൽഫുകളിൽ നിന്ന് നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം സൂപ്പർമാർക്കറ്റ് ജീവനക്കാരനായ ഈ തൊഴിലാളിക്കായിരുന്നു. എന്നാൽ ഈ വീഴ്ച സംഭവിക്കുകയും, സ്വന്തം തെറ്റ് മറച്ചുവെക്കാൻ പിന്നീട് തീയതികൾ തിരുത്താൻ ശ്രമിക്കുകയുമായിരുന്നു. ഏഷ്യൻ വംശജരാണ് പ്രതികളെന്ന് പ്രോസിക്യൂഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. ശുചീകരണ ഉൽപ്പന്നങ്ങളുടെ കുപ്പികളിൽ പതിപ്പിച്ചിരുന്ന കാലാവധി അവസാനിക്കുന്ന തീയതി മായ്ച്ചുകളഞ്ഞ്, അവ വീണ്ടും വിൽപനക്കായി ഷെൽഫുകളിൽ വെക്കാൻ ജീവനക്കാരൻ ശ്രമിച്ചതായി കണ്ടെത്തുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
തുടർന്ന് നടത്തിയ പരിശോധനകളിൽ ലേബലുകളിൽ നിന്ന് തീയതികൾ നീക്കം ചെയ്ത നിലയിലും കാലാവധി കഴിഞ്ഞതുമായ നിരവധി ഉൽപ്പന്നങ്ങൾ കണ്ടെത്തി. കൃത്രിമത്തിന് ഉപയോഗിച്ച ഉപകരണങ്ങളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. ഉൽപ്പന്നങ്ങളുടെ കാലാവധി നിരീക്ഷിക്കുന്നതിലും കാലഹരണപ്പെട്ടവ നീക്കം ചെയ്യുന്നതിലും തനിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും, ഇതിനെത്തുടർന്ന് ശമ്പളത്തിൽ നിന്ന് പിഴ ഈടാക്കുമെന്ന് ഭയന്നാണ് ഈ കൃത്രിമം കാട്ടിയതെന്നും പ്രധാന പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

