വേനൽക്കാല തൊഴിൽ നിരോധനം നിലവിൽവന്നു
text_fieldsവേനൽക്കാല പകൽ തൊഴിൽ നിരോധനം നിലവിൽവന്ന ബഹ്റൈനിലെ സൽമാനിയയിൽ ഉച്ചക്ക് മുമ്പേ പെയിന്റിങ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. ഉച്ച 12 മണി മുതൽ വൈകീട്ട്
നാലുമണി വരെയാണ് ഞായറാഴ്ച മുതൽ തൊഴിൽ നിരോധനം നിലവിൽവന്നത്
- ഫോട്ടോ: സത്യൻ പേരാമ്പ്ര
മനാമ: പുറംജോലി ചെയ്യുന്ന തൊഴിലാളികളുടെ വേനൽക്കാല പകൽ തൊഴിൽ നിരോധനം ഞായറാഴ്ചമുതൽ പ്രാബല്യത്തിൽവന്നു. ഉച്ചക്ക് 12 മണിമുതൽ വൈകുന്നേരം നാലു മണിവരെ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നതിനാണ് നിരോധനം. സെപ്റ്റംബർ 15 വരെ മൂന്നു മാസത്തേക്കായിരിക്കും നിരോധനമെന്ന് നിയമകാര്യ മന്ത്രിയും ആക്ടിങ് തൊഴിൽ മന്ത്രിയുമായ യൂസഫ് ഖലഫ് അറിയിച്ചിരുന്നു.
ഇത് ലംഘിക്കുന്നവർക്ക് തടവും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമലംഘനങ്ങൾക്ക് മൂന്നു മാസം വരെ തടവും 500 മുതൽ 1,000 ബഹ്റൈൻ ദിനാർവരെ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയുമുള്ള ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.ഇതുവരെ രണ്ടുമാസത്തേക്കായിരുന്നു തൊഴിൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്.
ഈ വർഷം മുതലാണ് മൂന്നുമാസമായി നീട്ടാൻ തീരുമാനമെടുത്തത്. കടുത്ത ചൂടിൽ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നത് തൊഴിലാളികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിനാലാണ് വേനൽക്കാലത്ത് പകൽ സമയത്ത് തൊഴിൽ നിരോധനം ഏർപ്പെടുത്തുന്നത്. നിരോധം നടപ്പാക്കുന്നതിന് മുന്നോടിയായി സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിൽ സുരക്ഷ ഉദ്യോഗസ്ഥർ സൂപ്പർവൈസർമാർ എന്നിവർക്ക് തൊഴിൽ മന്ത്രാലയം ബോധവത്കരണ ശിൽപശാലകൾ നടത്തിയിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി കാമ്പയിനും നടത്തി.ഉച്ചസമയത്തെ ജോലി നിരോധന നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നതിന് പൊതുജനങ്ങൾക്കായി മന്ത്രാലയം ഹോട്ട്ലൈൻ നമ്പർ (32265727) പ്രസിദ്ധീകരിച്ചു.
ചൂടേറിയ ദിനങ്ങൾ വരുന്നു
മനാമ: അടുത്ത രണ്ടു ദിവസങ്ങളില്‍ ബഹ്റൈനിൽ പകല്‍ സമയത്ത് ചൂട് വർധിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 17 മുതല്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചേക്കും. പൊടിപടലങ്ങള്‍ ഉണ്ടാക്കുകയും കടല്‍ പ്രക്ഷുബ്ധമാകുകയും ചെയ്തേക്കാം. ശക്തമായ കാറ്റ് ഏകദേശം ഒരാഴ്ച നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡയറക്ടറേറ്റ് കാലാവസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉച്ചവിശ്രമ നിയമം ഡെലിവറി തൊഴിലാളികൾക്കും ബാധകമാക്കണം
മനാമ: നിലവിൽവന്ന ഉച്ചവിശ്രമ നിയമം ഡെലിവറി തൊഴിലാളികൾക്കും പെട്രോൾ സ്റ്റേഷൻ ജീവനക്കാർക്കുംകൂടി ബാധകമാക്കണമെന്ന് എം.പി ഡോ. മർയം അൽ ളാഇൻ അധികൃതരോട് ആവശ്യപ്പെട്ടു. കടുത്ത ചൂട് കാരണം ഈ മേഖലകളിലുള്ള തൊഴിലാളികൾ നേരിടുന്ന ഗുരുതരമായ ആരോഗ്യ വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയാണ് അവരുടെ നിർദേശം. വേനൽക്കാലത്ത് പല തൊഴിലാളികളും ഇപ്പോഴും കഠിനമായ ചൂടിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുണ്ട്.
അതുകൊണ്ടുതന്നെ കൂടുതൽ സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ നിയമങ്ങൾക്കായി എം.പി ആഹ്വാനം ചെയ്തു. നിലവിലുള്ള നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.ബഹ്റൈനിൽ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് നാലുമണി വരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ, ഈ നിയമം ഡെലിവറി റൈഡർമാർക്കും പെട്രോൾ സ്റ്റേഷൻ ജീവനക്കാർക്കും ബാധകമല്ല. ഇവരും കടുത്ത ചൂടിൽ അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഡോ. മർയം അൽ ളാഇൻ എടുത്തുപറഞ്ഞു. ചൂട് കാരണം ഉണ്ടാകുന്ന ക്ഷീണം റോഡപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.
എ.സി വാഹനങ്ങൾ ഉപയോഗിച്ച് ഡെലിവറി നടത്തുന്നതുപോലെ ബദൽ മാർഗങ്ങൾ കണ്ടെത്താനും നിയമം നടപ്പാക്കുന്നതിൽ തൊഴിൽ മന്ത്രാലയം കൂടുതൽ ശ്രദ്ധചെലുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

