വേനൽക്കാലത്തെ പുറംജോലി വിലക്ക്; കമ്പനികൾ 99.96 ശതമാനവും പാലിച്ചതായി തൊഴിൽ മന്ത്രാലയം
text_fieldsപുറംജോലികൾ ചെയ്യുന്ന തൊഴിലാളികൾ , ചിത്രം-സത്യൻ പേരാമ്പ്ര
മനാമ: വേനൽക്കാലത്തെ ഉച്ചസമയത്തെ തുറസായ സ്ഥലങ്ങളിലെ ജോലികൾക്കുള്ള വിലക്ക് കമ്പനികൾ 99.96 ശതമാനവും പാലിച്ചതായി തൊഴിൽമന്ത്രാലയം അറിയിച്ചു. 17,600ലധികം തൊഴിലിടങ്ങളിൽ നടത്തിയ പരിശോധനയിൽ വെറും ആറ് നിയമലംഘനങ്ങൾ മാത്രമാണ് കണ്ടെത്തിയതെന്ന് തൊഴിൽ ബന്ധങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഖീൽ അബു ഹുസൈൻ പറഞ്ഞു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെ പുറത്ത് ജോലി ചെയ്യുന്നതാണ് നിരോധിച്ചത്. തൊഴിലാളികളെ കടുത്ത ചൂടിൽനിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. മൂന്ന് മാസത്തേക്ക് ഈ നിരോധനം ഏർപ്പെടുത്തുന്നത് ഇതാദ്യമായാണ്, മുമ്പ് ഇത് രണ്ടുമാസമായിരുന്നു.
തൊഴിലാളികളെ ഉയർന്ന താപനിലയിൽനിന്നും ഈർപ്പത്തിൽനിന്നും സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര തൊഴിൽനിയമങ്ങൾക്കനുസരിച്ചാണ് ബഹ്റൈൻ ഈ വിലക്ക് നടപ്പാക്കുന്നത്. ഉയർന്ന പാലനനിരക്ക് കൈവരിച്ച സ്വകാര്യമേഖലയെ അബുഹുസൈൻ പ്രശംസിച്ചു. വിലക്ക് ലംഘിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവോ 500നും 1000നും ഇടയിലുള്ള ദീനാർ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 32265727 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ച് അറിയിക്കാം. അന്താരാഷ്ട്ര തൊഴിൽസംഘടന (ഐ.എൽ.ഒ) റിപ്പോർട്ട് പ്രകാരം, കാലാവസ്ഥവ്യതിയാനം കാരണം 2030ഓടെ ജോലിസമയനഷ്ടം ഉണ്ടാകുന്നതിൽ അറബ് രാജ്യങ്ങളിൽ രണ്ടാംസ്ഥാനത്തായിരിക്കും ബഹ്റൈൻ. ചൂട് കാരണം 2030ഓടെ ആഗോളതലത്തിൽ 80 ദശലക്ഷം തൊഴിലുകൾ ഇല്ലാതാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഉയർന്ന താപനിലയും ഈർപ്പവും ചേരുമ്പോൾ ശരീരത്തിന് താങ്ങാവുന്നതിലധികം ചൂട് ആഗിരണം ചെയ്യുമ്പോഴാണ് ഹീറ്റ് സ്ട്രെസ് ഉണ്ടാകുന്നത്. ഇത് ഹീറ്റ് സ്ട്രോക്ക്, ക്ഷീണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

