വേനൽച്ചൂട് കനക്കുന്നു; അവബോധ കാമ്പയിനുമായി സിവിൽ ഡിഫൻസ്
text_fieldsജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ നടക്കുന്ന കാമ്പയിനിൽനിന്ന്
മനാമ: വേനൽക്കാലത്തെ സുരക്ഷക്കായി പൊതുജനത്തിന് അവബോധം നൽകുന്നതിന്റെ ഭാഗമായി കാമ്പയിനുകൾ ആരംഭിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. ജീവനും സ്വത്തിനും സംരക്ഷണം നൽകുക അതിനുള്ള മാർഗങ്ങളെക്കുറിച്ച് അവബോധം നൽകുക എന്നതാണ് കാമ്പയിനുകളുടെ ലക്ഷ്യം.
വേനൽക്കാലത്ത് ഉയർന്ന താപനില മൂലമോ ഊർജ സ്രോതസ്സുകളുടെ അശ്രദ്ധമൂലമോ ഉണ്ടാകാവുന്ന അപകടങ്ങൾ തടയുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള ഡയറക്ടറേറ്റിന്റെ സുരക്ഷ മാർഗനിർദേശ പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടികളെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അലി മുഹമ്മദ് അൽ കുബൈസി പറഞ്ഞു. രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലുമായി 65ൽ അധികം വ്യത്യസ്ത സ്ഥലങ്ങളിൽ കാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സുരക്ഷ ചട്ടങ്ങൾ ജനങ്ങൽ പാലിക്കേണ്ടതിന്റെ പ്രാധാന്യവും ഡയറക്ടർ ജനറൽ സൂചിപ്പിച്ചു.
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഡയറക്ടറേറ്റ് ഇത്തരത്തിൽ വിവിധയിടങ്ങളിലായി 265 കാമ്പയിനുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക സുരക്ഷ, തൊഴിലാളികളുടെ താമസ സൗകര്യങ്ങൾ, ഇന്ധന സ്റ്റേഷൻ, ഫാക്ടറി, വർക്ക്ഷോപ്, വേനൽക്കാലത്തെ വിനോദസഞ്ചാരികൾക്കുള്ള സുരക്ഷ എന്നിവ ബോധവത്കരണത്തിന്റെ ഭാഗമായി നടക്കും.
കൂടാതെ, ആരാധനാലയങ്ങൾ, വെയർഹൗസ് കെട്ടിടങ്ങൾ, പാർക്കിങ് സൗകര്യങ്ങൾ, നീന്തൽക്കുളങ്ങൾ, ഷോപ് തൊഴിലാളികൾക്കുള്ള സ്വയംസംരക്ഷണ പരിപാടികൾ, ആഷുറ സീസണിലെ പരിപാടികൾ എന്നിവക്കായും അധിക കാമ്പയിനുകൾ ലക്ഷ്യമിട്ടിട്ടുണ്ട്. ഉയർന്ന താപനിലയുള്ള സാഹചര്യത്തിൽ വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന തീപിടിത്ത സാധ്യതക്കെതിരെ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. അറ്റകുറ്റപ്പണി നടത്തേണ്ടതിന്റെയും പ്ലഗുകളുടെയടക്കം സ്ഥിതികൾ പരിശോധിക്കണമെന്നും കേടായത് മാറ്റിസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ പൊതു, സ്വകാര്യ സ്ഥാപനങ്ങളുമായി കമ്യൂണിറ്റി പങ്കാളിത്തത്തോടെയാണ് കാമ്പയിനുകൾ സംഘടിപ്പിക്കുന്നത്. കാമ്പയിനുമായി സഹകരിക്കണമെന്നും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ജനങ്ങളോട് അൽ കുബൈസി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

