‘സമ്മർ ഡിലൈറ്റ്’ അവധിക്കാല ക്യാമ്പ് പോസ്റ്റർ പ്രകാശനം
text_fields‘സമ്മർ ഡിലൈറ്റ്’ അവധിക്കാല ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം
മനാമ: ടീൻസ് ഇന്ത്യയും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനും സംയുക്തമായി ‘സമ്മർ ഡിലൈറ്റ്’ എന്നപേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ഫ്രൻഡ്സ് കേന്ദ്ര ഓഫിസിൽ നടന്നു. ടീൻസ് ഇന്ത്യ നേതാക്കളായ ലബീബ ഖാലിദ്, റീഹാ ഫാത്തിമ, ബീഫാത്തിമ, നുസ്ഹ ഖമറുദ്ദീൻ, ശദാ ഷാജി എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ, ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, എം.എം. സുബൈർ, വനിത വിഭാഗം പ്രസിഡന്റ് സാജിത സലീം, റഷീദ സുബൈർ തുടങ്ങിയവർ പങ്കെടുത്തു.
ജൂലൈ ഏഴ് മുതൽ ആഗസ്റ്റ് 11 വരെയാണ് ക്യാമ്പ്. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ ഒരു മണി വരെ ആയിരിക്കും പ്രവർത്തന സമയം. സിഞ്ചിലുള്ള ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ആസ്ഥാനത്ത് നടക്കുന്ന ക്യാമ്പ് കുട്ടികൾക്ക് പുതിയൊരു അനുഭവം ആയിരിക്കും.
ഏഴു മുതൽ 12 വയസ്സ്, 13 മുതൽ 17 വയസ്സ് എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളായിരിക്കും ഉണ്ടാവുക. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. പ്രശസ്ത മോട്ടിവേഷനൽ ട്രെയിനറും പ്രമുഖ ലൈഫ് കോച്ചുമായ നുഅ്മാൻ വയനാട്, സി.എച്ച്.ആർ.ഡി ട്രെയിനർ, അഡോളസെൻസ് കൗൺസിലർ, ഷോർട്ട് ഫിലിം സംവിധായകൻ, അഭിനേതാവ് തുടങ്ങിയ മേഖലയിൽ പ്രശസ്തനായ അൻസാർ നെടുമ്പാശ്ശേരി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുക.
ഇവരെ കൂടാതെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ബഹ്റൈനിലെ പ്രമുഖരും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും. ഫ്ലാറ്റുകൾക്കുള്ളിൽ തളച്ചിടപ്പെടുന്ന പ്രവാസി ബാല്യങ്ങൾക്കും കൗമാരങ്ങൾക്കും അറിവിന്റെയും വിനോദത്തിന്റേയും അനന്തമായ വാതായനങ്ങൾ തുറന്നു കൊടുക്കുക എന്നതാണ് അവധിക്കാല ക്യാമ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. നാടൻ കളികൾ, ക്രാഫ്റ്റ്, ഫീൽഡ് ട്രിപ്പ്, അഭിനയം, നൃത്തം, പാട്ട്, കഥ, പരിസ്ഥിതി പഠനം, പരിസര നിരീക്ഷണം, നേതൃ പരിശീലനം, കരിയർ ആൻഡ് ലൈഫ് സ്കിൽസ്, ഹെൽത്ത് ആൻഡ് ഫിറ്റ്നസ്, ടീം ബിൽഡിങ്, ഡിജിറ്റൽ ലിറ്ററസി, എക്സ്പ്രെസീവ് ആർട്ട്സ്, ടൈം മാനേജ്മെന്റ്, ക്രിയേറ്റിവ് സ്കിൽ എൻഹാൻസ്മെന്റ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻസ്, സാമൂഹിക സേവനം, പൊതു പ്രഭാഷണം, യോഗ, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
രക്ഷിതാക്കൾക്കുവേണ്ടിയുള്ള പ്രത്യേക സെഷനുകളും ഒരുക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 39210248, +91 75928 81805, 33538916 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ക്യാമ്പ് ഡയറക്ടർ മുഹമ്മദ് ഷാജി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

