കേരളീയ സമാജത്തിൽ സമ്മർ ക്യാമ്പ് ‘കളിക്കളം 2023’: രജിസ്ട്രേഷൻ തുടങ്ങി
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം എല്ലാ വർഷവും കുട്ടികൾക്കായി നടത്തിവരാറുള്ള 45 ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് ‘കളിക്കളം 2023’ രജിസ്ട്രേഷൻ തുടങ്ങി. ജൂലൈ നാലു മുതൽ ആഗസ്റ്റ് 18 വരെയാണ് ക്യാമ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത് പ്രശസ്ത തിയറ്റർ നാടകപ്രവർത്തകനായ തുളസിദാസാണ്. അദ്ദേഹത്തോടൊപ്പം വിവിധ മേഖലകളിൽ പ്രഗല്ഭരായ പതിനഞ്ചോളം സമാജം അംഗങ്ങളും ക്യാമ്പിൽ പരിശീലകരായി മുഴുവൻ സമയവും ഉണ്ടായിരിക്കും. മുഴുവൻ സമയവും കുട്ടികളുടെ തിയറ്ററുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്ന തുളസിദാസ് കോളജ് തലത്തിലും കലാധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
തിരക്കഥ, ഡോക്യുഫിലിം, സംവിധാനം എന്നീ മേഖലയിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കുട്ടി പാട്ടുകൾ, കുട്ടി കഥകൾ, സംഗീതം, നൃത്തം, സാഹിത്യം, നാടൻപാട്ട്, ചിത്രരചന, പത്രനിർമാണം, ആരോഗ്യ ബോധവത്കരണം, നേതൃപരിശീലനം, പ്രസംഗ പരിശീലനം, കൂടാതെ കൊച്ചംകുത്ത്, ഉപ്പുംപക്ഷി, കണ്ണുകെട്ടിക്കളി, തുമ്പക്കളി, അടിച്ചോട്ടം തുടങ്ങി നിരവധി നാടൻകളികൾ, കരാട്ടേ, ബാഡ്മിന്റൺ, ബാസ്കറ്റ്ബാൾ, തുടങ്ങി കായികവിനോദങ്ങൾ, കായികമത്സരങ്ങൾ എന്നിങ്ങനെ വ്യത്യസ്തതയാർന്ന പരിപാടികളാണ് ഈ വർഷത്തെ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അഞ്ചു വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം.
ജൂലൈ നാലു മുതൽ ആഗസ്റ്റ് 18 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സമാജം ഭാരവാഹികൾ അറിയിച്ചു. ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽനിന്നും ക്യാമ്പ് അവസാനിക്കുന്നതുവരെ സ്ഥിരമായ വാഹനസൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് കോ ഓഡിനേറ്ററായും മനോഹരൻ പാവറട്ടി ജനറൽ കൺവീനറായും മായ ഉദയൻ ക്യാമ്പ് കൺവീനറായും പ്രവർത്തിക്കും. ആഗസ്റ്റ് 18ന് സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തിൽ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും പങ്കെടുത്ത് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. പ്രവാസികളായ കുട്ടികൾക്ക് സംസ്കാരത്തെയും സാഹിത്യത്തെയും കലയെയും പാരമ്പര്യത്തെയും തിരിച്ചറിയാൻ ലഭിക്കുന്ന അസുലഭ അവസരമാണ് ഇത്തരം ക്യാമ്പുകൾ.
അവരുടെ സർഗ വാസനകളെ കണ്ടെത്തി കല, സാഹിത്യ, കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കാനും അവ വേദികളിൽ അവതരിപ്പിക്കാനുള്ള അവസരമൊരുക്കിയുമാണ് ഈ അവധിക്കാല ക്യാമ്പിന് സമാജം തയാറെടുക്കുന്നത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അഭ്യർഥിച്ചു. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കുമായി ജനറൽ കൺവീനർ മനോഹരൻ പാവറട്ടി (39848091), ക്യാമ്പ് കൺവീനർമാരായ മായ ഉദയൻ (36604931), ജയ രവികുമാർ (36782497) എന്നിവരുമായോ സമാജം ഓഫിസുമായോ (17251878) ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

