സുഗതാഞ്ജലി കാവ്യാലാപനം; ബഹ്റൈൻ ചാപ്റ്റർതല മത്സരങ്ങൾ ഇന്ന്
text_fieldsമനാമ: മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരം നാലാം പതിപ്പിന്റെ ബഹ്റൈൻ ചാപ്റ്റർ തല മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും.
ബഹ്റൈൻ കേരളീയ സമാജം ബാബു രാജൻ ഹാളിൽ രാവിലെ 9.30ന് മത്സരങ്ങൾ ആരംഭിക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി, മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ വിവിധ പഠനകേന്ദ്രങ്ങളിൽനിന്നുള്ള പഠിതാക്കളാണ് പങ്കെടുക്കുന്നത്.
സബ് ജൂനിയർ വിഭാഗത്തിൽ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും, ജൂനിയർ വിഭാഗത്തിൽ ബാലാമണിയമ്മയുടെയും സീനിയർ വിഭാഗത്തിൽ ഇടശ്ശേരി ഗോവിന്ദൻ നായരുടെയും കവിതകളാണ് മത്സരാർഥികൾ ചൊല്ലേണ്ടത്. എല്ലാ വിഭാഗങ്ങളിൽനിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർ ആഗോള ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുമെന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. മലയാളം മിഷൻ ഭരണ സമിതി അംഗമായിരുന്ന പ്രശസ്ത കവി സുഗതകുമാരിയുടെ സ്മരണാർഥമാണ് എല്ലാവർഷവും കാവ്യാലാപന മത്സരം സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

