സുഗതാഞ്ജലി മൂന്നാം പതിപ്പ് കാവ്യാലാപന മത്സരം ജൂൺ 23ന്
text_fieldsവൈലോപ്പിള്ളി ശ്രീധരമേനോൻ
മനാമ: മലയാളം മിഷൻ ആഗോളതലത്തിൽ പഠിതാക്കൾക്കായി സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരം - മൂന്നാം പതിപ്പിന്റെ ചാപ്റ്റർതല മത്സരം പ്രഖ്യാപിച്ചു. ജൂൺ 23ന് രാവിലെ പത്തിനാണ് മത്സരം. മലയാളം മിഷൻ ഭരണസമിതി അംഗമായിരുന്ന പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ സ്മരണാർഥം 2021 മുതലാണ് സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിനു തുടക്കം കുറിച്ചത്. ആദ്യ വർഷം സുഗതകുമാരിയുടെ കവിതകളും കഴിഞ്ഞ വർഷം കുമാരനാശാന്റെ കവിതകളുമായിരുന്നു മത്സരത്തിൽ പരിഗണിച്ചത്.
കാച്ചിക്കുറുക്കിയ കവിതകൾകൊണ്ട് മലയാള കവിതാസാഹിത്യത്തിൽ മാമ്പഴമധുരം വിളമ്പിയ വൈലോപ്പിള്ളി ശ്രീധരമേനോന് സ്മരണാഞ്ജലി അർപ്പിച്ചുള്ളതാണ് സുഗതാഞ്ജലിയുടെ മൂന്നാം പതിപ്പ്. വൈലോപ്പിള്ളിയുടെ കവിതകളാണ് ഈ മത്സരത്തിൽ ആലപിക്കേണ്ടത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരം.
ആറു മുതൽ 10 വരെ പ്രായമുള്ളവർക്ക് സബ് ജൂനിയർ വിഭാഗത്തിലും 11 മുതൽ 16 വയസ്സുവരെയുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും 17 മുതൽ 20 വയസ്സുവരെയുള്ളവർക്ക് സീനിയർ വിഭാഗത്തിലും മത്സരിക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 36045442, 38044694 എന്നീ നമ്പറുകളിൽ വിളിച്ച് മേയ് 30 വരെ പേര് നൽകാം. ചാപ്റ്റർതല മത്സരത്തിൽ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് മലയാളം മിഷൻ നടത്തുന്ന ആഗോളതല ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.