സബ്സിഡി മാവ് ദുരുപയോഗം ചെയ്യുന്നു
text_fieldsമനാമ: ബഹ്റൈനിൽ സബ്സിഡി നിരക്കിലുള്ള ഗോതമ്പ് മാവ് ചില ബേക്കറികൾ ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതായി വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റൂ വെളിപ്പെടുത്തി. ഇതേത്തുടർന്ന് ശക്തമായ നടപടികളും പരിശോധന കാമ്പയിനുകളും ആരംഭിച്ചിരിക്കുകയാണ്.
സബ്സിഡിയായി ലഭിക്കുന്ന മാവ് അനുചിതമായി ഉപയോഗിക്കൽ, അനുവദിച്ച ക്വാട്ടയെക്കാൾ കൂടുതലെടുക്കൽ, സർക്കാർ സബ്സിഡി സമ്പ്രദായം ചൂഷണം ചെയ്യാൻ ശ്രമിക്കൽ എന്നിവയാണ് കണ്ടെത്തിയ ലംഘനങ്ങൾ. രാജ്യത്തുടനീളം 417 ബേക്കറികളാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ചെറിയ രീതിയിലോ അല്ലെങ്കിൽ കുറഞ്ഞ കടകളോ നടത്തുന്ന നിയമലംഘനങ്ങൾപോലും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരം കേസുകൾ കർശനമായ മേൽനോട്ടം എത്രത്തോളം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ശൂറാ കൗൺസിലിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഈ കാര്യം പറഞ്ഞത്. ഒരു ബേക്കറി വീണ്ടും നിയമലംഘനം ആവർത്തിക്കുകയോ, അല്ലെങ്കിൽ സബ്സിഡി മാവ് നിയമവിരുദ്ധമായി വിൽക്കുകയോ ചെയ്താൽ, കേസ് നേരിട്ട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ചൂഷണം തടയാനായി, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് ക്വോട്ട ഓട്ടോമാറ്റിക് ആയി ക്രമീകരിക്കുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ ബേക്കറിയുടെയും വാണിജ്യ രജിസ്ട്രേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ എണ്ണവുമായാണ് ക്വോട്ട ഇപ്പോൾ നേരിട്ട് ബന്ധിപ്പിച്ചത്.
നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി എല്ലാ മേഖലകളിലും സമഗ്രമായ വാർഷിക പരിശോധന കാമ്പയിനുകൾ മന്ത്രാലയം നടത്തുന്നുണ്ട്. പരാതികൾ ഉയരുന്ന പ്രകാരം ഫീൽഡ് സന്ദർശനങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

