കോവിഡിന് ശേഷം റോഡപകടങ്ങളും മരണങ്ങളും കൂടിയെന്ന് പഠനം
text_fieldsമനാമ: കോവിഡിനുശേഷം രാജ്യത്ത് റോഡപകടങ്ങളും മരണങ്ങളും കൂടിയതായി പഠനം. കോവിഡിന് മുമ്പും സമയത്തും ശേഷവുമുള്ള റോഡപകടങ്ങളുടെ വിവരങ്ങൾ അടിസ്ഥാനമാക്കി യൂനിവേഴ്സിറ്റി ഓഫ് ബഹ്റൈനിലെ നദിൻ ഹൊസാം, ഉനെബ് ഗാസ്ദർ, ബഹ്റൈൻ ഡിഫൻസ് ഫോഴ്സിലെ അബ്ദുല്ല അൽ ഫൗറി എന്നിവരാണ് സമഗ്ര പഠനം നടത്തിയത്. ബന്ധപ്പെട്ടവരുടെ അടിയന്തരമായ ഇടപെടലുകൾക്ക് പഠനത്തിൽ ആഹ്വാനമുണ്ട്.
2015നും 2023നും ഇടക്ക് ഡ്രൈവർമാരിലുണ്ടായ പെരുമാറ്റത്തിലും പ്രവൃത്തികളിലുമുള്ള മാറ്റങ്ങൾ എടുത്തുകാണിക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. മൂന്ന് ഘട്ടത്തിലെയും റോഡപകട പ്രവണതകളെ പഠനം സമഗ്രമായി വിശകലനം ചെയ്തു. മഹാമാരിയുടെ സമയത്ത് മറ്റുള്ള സമയത്തെക്കാൾ അപകടങ്ങളും അപകടമരണങ്ങളും ഗണ്യമായി കുറഞ്ഞിരുന്നു. രാജ്യത്ത് നിരോധനാജ്ഞ നിലനിന്നതും റോഡുകളിൽ വാഹനം കുറഞ്ഞതും തന്നെയാണ് പ്രധാന കാരണം.
2015 മുതൽ 2022 വരെ ബഹ്റൈനിൽ പ്രതിവർഷം ശരാശരി 987 അപകടങ്ങൾ ഉണ്ടായി. ഇതിൽ 526 നിസ്സാര പരിക്കുകളും 435 ഗുരുതര പരിക്കുകളും 54 മരണങ്ങളും ഉൾപ്പെടുന്നു. കോവിഡിന്റെ ആദ്യ വർഷമായ 2020ൽ 613 അപകടങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. പഠന കാലയളവിലെ ഏറ്റവും കുറവ് അപകടം നടന്നതും 2020 ആയിരുന്നു. എന്നിരുന്നാലും, ആ വർഷം 53 മരണമുണ്ടായി. നിയന്ത്രണങ്ങൾ നീക്കിയതിനുശേഷം അപകടങ്ങളുടെ എണ്ണം ഉയരാൻ തുടങ്ങി. 2022ൽ അത് വീണ്ടും 822 ആയി ഉയർന്നു.
2022ൽ അപകടങ്ങൾ അൽപം വർധിച്ചെങ്കിലും ഇത് മഹാമാരിക്ക് മുമ്പുള്ള കണക്കുകളെക്കാൾ അധികമായിരുന്നില്ല. എന്നാൽ കോവിഡ് സമയത്തും ശേഷവും അപകടങ്ങളിൽ ഗുരുതര പരിക്കേൽക്കുന്നവരുടെ എണ്ണം വർധിച്ചിരുന്നു. ആ സമയത്ത് മനാമ പോലുള്ള പ്രദേശങ്ങളിലെ മൊത്തം അപകടങ്ങളുടെ 53.5 ശതമാനവും ഗുരുതരമായ പരിക്കുകളായിരുന്നു. കോവിഡിന് മുമ്പ് ഇത് 39.1 ശതമാനമായിരുന്നു.
ലോക്ഡൗൺ സമയങ്ങളിൽ ഒഴിഞ്ഞ റോഡുകളിലെ അമിത വേഗം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയാണ് ഗുരുതരമായ പരിക്കുകളുള്ള അപകടങ്ങളുടെ വർധനക്ക് കാരണമെന്ന് പഠനം സൂചിപ്പിക്കുന്നു. ബഹ്റൈന്റെ ഓപൺ ഡേറ്റ പോർട്ടലിലൂടെ ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2018 ൽ 48 ആയിരുന്ന ഗതാഗതമരണങ്ങൾ 2023ൽ 70 ആയി വർധിച്ചു. 2023ൽ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചത് മാരകമായ അപകടങ്ങൾക്ക് കാരണമായി. കാൽനടയാത്രക്കാരെ ഇടിക്കുക, നിയന്ത്രണം നഷ്ടപ്പെടുക, ചുവപ്പ് സിഗ്നൽ മറികടക്കുക എന്നിവയാണ് മറ്റ് പ്രധാന കാരണങ്ങൾ.
മനാമയിലും റിഫയിലുമാണ് ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത്. ഡ്രൈവർമാർക്കിടയിലെ ദീർഘകാല പെരുമാറ്റവ്യതിയാനം ഭാവിയിലെ റോഡ് സുരക്ഷയെ ബാധിച്ചേക്കാവുന്ന സാഹചര്യത്തിൽ, നയങ്ങൾ പരിഗണിക്കണമെന്ന് പഠനം അധികാരികളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

