പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷയെഴുതി വിദ്യാർഥികൾ
text_fieldsഇന്ത്യൻ സ്കൂളിൽ പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷയെഴുതുന്ന വിദ്യാർഥികൾ
മനാമ: പി.എം ഫൗണ്ടേഷൻ ‘ഗൾഫ് മാധ്യമ’ത്തിന്റെ സഹകരണത്തോടെ നടത്തുന്ന പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷയെഴുതി ബഹ്റൈനിലെ വിദ്യാർഥികൾ. ഇന്ത്യൻ സ്കൂളായിരുന്നു ബഹ്റൈനിലെ പരീക്ഷകേന്ദ്രം. പത്താംക്ലാസ് ഉന്നത വിജയികളായ വിദ്യാർഥികൾക്കാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നത്. കേരളത്തിൽ വിവിധ ജില്ലകളിലും ജി.സി.സിയിലെ വിവിധ രാജ്യങ്ങളിലും ശനിയാഴ്ച ഒരേ സമയത്തായിരുന്നു പരീക്ഷ നടന്നത്.
അടിസ്ഥാന ശാസ്ത്രം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, ജനറൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളിലുള്ള പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടീവ് പരീക്ഷയിൽ ഉണ്ടായിരുന്നത്. പരീക്ഷയിൽ നിശ്ചിതമാർക്ക് നേടുന്നവർക്ക് കാഷ് അവാർഡും സാക്ഷ്യപത്രവും നൽകും. ഇതിനുശേഷം തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ക്യാമ്പും പിന്നീട് ഇൻറർവ്യൂവും ഉണ്ടായിരിക്കും. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാർഥികൾക്ക് 1.25 ലക്ഷം രൂപയുടെ പി.എം ഫൗണ്ടേഷൻ ഫെലോഷിപ് സമ്മാനിക്കും.

