ബഹ്‌റൈൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ മികച്ച മുന്നേറ്റം; ജൂൺ 11 വരെ നടന്നത് 597.1 മില്യൺ ദിനാറിന്റെ ഇടപാടുകൾ
text_fieldsമനാമ: ബഹ്‌റൈന്റെ സാമ്പത്തിക വളർച്ചയിലും നഗരവികസനത്തിലും നിർണ്ണായക പങ്കുവഹിക്കുന്ന റിയൽ എസ്റ്റേറ്റ് മേഖല ഈ വർഷവും ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. സർവ്വേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2026 ജനുവരി മുതൽ ജൂൺ 11 വരെ രാജ്യത്ത് നടന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം ഏകദേശം 597.1 ദശലക്ഷം ബഹ്‌റൈൻ ദിനാറിലെത്തി.
ഈ കാലയളവിൽ 12,798 ഇടപാടുകളാണ് പൂർത്തിയാക്കിയത്. രാജ്യത്തെ നിക്ഷേപ അവസരങ്ങളിലുള്ള നിക്ഷേപകരുടെ വിശ്വാസമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ഏപ്രിൽ മാസത്തിലാണ് ഏറ്റവും കൂടുതൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നത് (2,982 ഇടപാടുകൾ). മെയ് മാസത്തിൽ 2,364 ഇടപാടുകൾ നടന്നു. റസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഇൻവെസ്റ്റ്‌മെന്റ് വിഭാഗങ്ങളിലെല്ലാം വിപണിയിൽ സ്ഥിരതയാർന്ന പ്രവർത്തനമാണ് നടക്കുന്നത്.
ജൂൺ മാസത്തിലെ ആദ്യ 11 ദിവസത്തിനുള്ളിൽ മാത്രം 1,034 ഇടപാടുകളിലായി 51.8 ദശലക്ഷം ദിനാറിന്റെ വിനിമയം നടന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സമഗ്ര വികസന കാഴ്ചപ്പാടും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാർ ആവിഷ്കരിച്ച സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികളുമാണ് മേഖലയുടെ വളർച്ചയ്ക്ക് കരുത്തേകുന്നത്.
കൂടാതെ, ഇലക്ട്രോണിക് സേവനങ്ങൾ വിപുലീകരിച്ചതും രജിസ്ട്രേഷൻ നടപടികൾ ലഘൂകരിച്ചതും സുതാര്യത വർദ്ധിപ്പിച്ചതും റിയൽ എസ്റ്റേറ്റ് മേഖലയുടെ ആകർഷണീയത വർദ്ധിപ്പിച്ചിട്ടുണ്ട്. ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയും വിപണിയിൽ നടത്തുന്ന ഇടപെടലുകളും നിക്ഷേപകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്നു. സാമ്പത്തിക സ്ഥിരതയും ആധുനിക നിയമനിർമ്മാണങ്ങളും വികസന പദ്ധതികളും ബഹ്‌റൈന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സ്തംഭമായി റിയൽ എസ്റ്റേറ്റ് മേഖലയെ നിലനിർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

