മുഹറഖിൽ ഡെലിവറി റൈഡർമാർക്ക് കടിഞ്ഞാൺ കർശന പരിശോധനകൾക്ക് ആവശ്യം
text_fieldsമനാമ: മുഹറഖിലെ മോട്ടോർസൈക്കിൾ ഫുഡ്-ഡെലിവറി റൈഡർമാർക്ക് എതിരെ കർശന പരിശോധന ഏർപ്പെടുത്താനും പാർപ്പിട ഏരിയകളിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന റസ്റ്റാറന്റുകൾക്കെതിരെ നടപടിയെടുക്കാനും ആവശ്യമുയരുന്നു.
ശബ്ദ മാലിന്യം, അശ്രദ്ധമായ ഡ്രൈവിങ്, വഴികൾ തടസ്സപ്പെടുത്തൽ എന്നിവ സംബന്ധിച്ച് മുഹറഖിലെ താമസക്കാർക്കിടയിൽ പരാതികൾ വർധിച്ച സാഹചര്യത്തിലാണിത്.
മുഹറഖ് എം.പി മുഹമ്മദ് അൽ ഒലൈവിയാണ് ഇതുസംബന്ധിച്ച് ആശങ്ക അറിയിച്ചത്. റസ്റ്റാറന്റുകളിലേക്കുള്ള ഓട്ടത്തിനിടെ ചില റൈഡർമാർ റെസിഡൻഷ്യൽ ഏരിയകളിലെ ആളുകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും ചിലപ്പോൾ റോഡുകളിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ഇടുങ്ങിയ ഉൾറോഡുകളാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്.
അമിത വേഗതയിലുള്ള യാത്രക്കാർ പ്രദേശവാസികൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും ഭീഷണിയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർപ്പിട മേഖലകളിൽ ട്രാഫിക് പൊലീസിന്റെ മോട്ടോർബൈക്ക് പട്രോളിങ് പുനഃസ്ഥാപിക്കാൻ എം.പി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുമ്പ് ഉണ്ടായിരുന്ന ഈ തെരുവ് നിരീക്ഷണം നിയമലംഘനങ്ങൾ കുറക്കുന്നതിനും പ്രാദേശിക റോഡുകളിലൂടെയുള്ള വാഹന ഗതാഗതം സുഗമമാക്കുന്നതിനും സഹായിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഗവർണറേറ്റിൽ റസ്റ്റാറന്റുകൾ അലങ്കോലമായി വ്യാപിക്കുന്നതിനെയും അൽ ഒലൈവി വിമർശിച്ചു.
പല കടകളും ഉപഭോക്താക്കൾക്ക് വാഹനം നിർത്തി സാധനങ്ങൾ എടുക്കാൻ സൗകര്യമില്ലാതെയാണ് തുറന്നിരിക്കുന്നത്. കൂടാതെ ആവശ്യത്തിന് പാർക്കിങ് സ്ഥലവുമില്ല. ഇത് ഡ്രൈവർമാർക്ക് സൗകര്യമുള്ളിടത്ത് വാഹനം നിർത്താൻ കാരണമാകുന്നു. റസ്റ്റാറന്റുകൾ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് കാരണം താമസക്കാർ ബുദ്ധിമുട്ടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

